പുതുക്കാട്: വരന്തരപ്പിള്ളി ആറ്റപ്പിള്ളി പാലത്തിന് സമീപം കുറുമാലി പുഴയിലേക്ക് ടിപ്പർ ലോറി മറിഞ്ഞു. ഡ്രൈവർക്ക് പരിക്ക്. ചെങ്ങാലൂർ സ്വദേശി ഉണ്ണിക്കാണ് പരിക്കേറ്റത്.നിസാര പരിക്കേറ്റ ഉണ്ണി കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം.
പുഴയിലെ ബണ്ട് നിർമാണത്തിന് മണ്ണ് കൊണ്ടുവന്ന ടിപ്പർ ലോറിയാണ് തലകീഴായി മറിഞ്ഞത്. പുഴയുടെ കാൽ ഭാഗത്തോളം നിർമ്മാണം കഴിഞ്ഞ ബണ്ടിൽ മണ്ണ് തട്ടുന്നതിനിടെ ലോറി പുഴയിലേക്ക് തെന്നി വീഴുകയായിരുന്നു.ലോറിയുടെ ഹൈഡ്രോളിക് മെഷീൻ തകരാറിലായതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
പകുതിയോളം മണ്ണ് ബണ്ടിൽ നിക്ഷേപിച്ച ശേഷം ലോറിയുടെ കാബിൻ ഉയരാതായതോടെ ലോറി പുഴയിലേക്ക് പതിക്കുകയായിരുന്നു. ലോറിയുടെ ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.പുഴയിൽ വെള്ളം കുറവായതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി.പാലത്തിന്റെ അടിഭാഗം കോണ്ക്രീറ്റ് ചെയ്യുന്നതിനായി വെള്ളം ക്രമീകരിക്കുന്നതിനാണ് പുഴയിൽ താത്ക്കാലിക ബണ്ട് നിർമ്മിക്കുന്നത്.
പത്ത് ദിവസത്തിനുള്ളിൽ പാലത്തിനടിയിലെ കോണ്ക്രീറ്റ് നിർമ്മാണം പൂർത്തീകരിക്കുന്നതിനാണ് ദ്രുതഗതിയിൽ ബണ്ട് നിർമ്മാണം നടത്തുന്നത്.വേഗത്തിൽ പൂർത്തിയാക്കാൻ ബണ്ട് വീതി കുറച്ചാണ് നിർമ്മിക്കുന്നതെന്ന ആക്ഷേപമുണ്ട്.ടിപ്പർ ലോറികൾക്ക് കഷ്ടിച്ച് കടക്കാൻ പാകത്തിലാണ് ബണ്ടിന്റെ നിർമ്മാണം.ബണ്ടിന് വീതി കുറവായതിനാൽ മണ്ണുമായെത്തുന്ന ലോറികൾ പുഴയിലേക്ക് തെന്നി മറിയാൻ സാധ്യതയേറെയാണ്.ടു