തൃശൂർ: എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെ ഒട്ടുമിക്ക സർവീസുകളും കെഎസ്ആർടിസി റദ്ദാക്കി. ഇതോടെ മലയോര മേഖലയിലും ഗ്രാമപ്രദേശങ്ങളിലുമുള്ളവർ ഗതാഗത സൗകര്യം ലഭിക്കാതെ ദുരിതത്തിലേക്ക് നീങ്ങുകയാണ്. തൃശൂർ-എറണാകുളം റൂട്ടിൽ ഇടപ്പള്ളിയിലും മറ്റും ട്രാക്കിൽ പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതവും താറുമാറായി. ഇതും യാത്രക്കാരെ വലച്ചു. ക്രിസ്മസിനു മുന്പ് പണികൾ നടത്തുകയാണെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.
തൃശൂർ ജില്ലയിൽ കെഎസ്ആർടിസിയുടെ 64 സർവീസുകൾ റദ്ദാക്കി. ജില്ലയിലെ 261 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട പശ്ചാത്തലത്തിൽ ജീവനക്കാരില്ലാത്തതുകൊണ്ടാണ് സർവീസുകൾ റദ്ദാക്കിയത്.ജില്ലയിലെ ഏഴ് ഡിപ്പോകളിൽ നിന്നുള്ള സർവ്വീസുകൾ മുടങ്ങിയിട്ടുണ്ട്. പുതുക്കാട് ഡിപ്പോയിൽ നിന്നും 30 എം.പാനൽ കണ്ടക്ടർമാരെ ഒഴിവാക്കിയതിനെ തുടർന്ന് 15 ഷെഡ്യൂളുകൾ മുടങ്ങി.
പ്രാദേശിക സർവീസുകളാണ് മുടങ്ങിയത്. ദീർഘദൂര സർവീസുകൾ ക്രമീകരണങ്ങൾ നടത്തി ഓടുന്നുണ്ട്.കൊടുങ്ങല്ലൂർ ഡിപ്പോയിൽ നിന്നും 16 സർവീസുകൾ റദ്ദാക്കേണ്ടി വന്നു. മൊത്തം 36 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ചാലക്കുടിയിൽ 10 സർവീസുകളാണ് മുടങ്ങിയത്. 40 എം. പാനൽ കണ്ടക്ടർമാരെയാണ് ഒഴിവാക്കിയിട്ടുള്ളത്.
ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്നുള്ള ആറ് സർവീസുകൾ മുടങ്ങി. ത്യശൂർ, എറണാകുളം,ഗുരുവായൂർ (രണ്ട്), വെളളാനിക്കോട്, മതിലകം എന്നിവിടങ്ങളിലേക്കുള്ള ഓർഡിനറി സർവീസുകളാണ് മുടങ്ങിയത്. കോടതി വിധിയെ തുടർന്ന് ഇരിങ്ങാലക്കുട ഡിപ്പോയിലെ 19 താൽക്കാലിക ജീവനക്കാരെയാണ് പിരിച്ച് വിട്ടത്.
ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് അടക്കം 13 സർവീസുകൾ മാത്രമാണ് ഇന്നു രാവിലെ ആരംഭിച്ചിട്ടുള്ളത്. മൂവായിരം മുതൽ നാലായിരത്തി അഞ്ഞൂറ് രൂപ വരെ ശരാശരി വരുമാനമുള്ള സർവീസുകളാണ് മുടങ്ങിയിരിക്കുന്നത്. കൂടുതൽ വരുമാനമുള്ള സർവീസുകൾക്ക് പ്രാധാന്യം നല്കി കൊണ്ടാണ് ഇപ്പോൾ സർവീസുകൾ നടത്തുന്നത്.
തൃശൂർ ഡിപ്പോയിൽ നിന്നും 40 ശതമാനത്തോളം സർവീസുകൾ മുടങ്ങി. ദീർഘദൂര സർവീസുകൾക്ക് മുൻഗണന നല്കിയാണ് സർവീസ് നടത്തുന്നതെന്ന് ഡിടിഒ പറഞ്ഞു.എണ്പതോളം കണ്ടക്ടർമാരാണ് പുതുക്കാട് ഡിപ്പോയിൽ ഉണ്ടായിരുന്നത്. താത്ക്കാലിക കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചുവിടേണ്ടി വന്നതിനാൽ നിലവിൽ ലാഭമില്ലാത്ത സർവീസുകൾ റദ്ദ് ചെയ്യാനാണ് അധികൃതരുടെ തീരുമാനം. വരും ദിവസങ്ങളിൽ യാത്രാ ക്ലേശം രൂക്ഷമാകാനും സാധ്യതയുണ്ട്.
സ്ഥിരം ജീവനക്കാർക്ക് അധിക ജോലി നൽകി ലാഭകരമായ സർവീസുകൾ മുടങ്ങാതിരിക്കാനാണ് അധികൃതരുടെ ശ്രമം. കെഎസ്ആർടിസിയിലെ സേവന മേഖലയായി തിരിച്ചിരിക്കുന്ന ലാഭത്തിലല്ലാത്ത സി വിഭാഗത്തിൽപെടുന്ന സർവീസുകൾ റദ്ദ് ചെയ്യാനുള്ള അവസരമായും ഇത് അധികൃതർ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ആരോപണമുണ്ട്.