കൊല്ലം :ബാങ്ക് ഓഫ് ബറോഡ – വിജയ – ദേന എന്നീ ബാങ്കുകളുടെ ലയനതീരുമാനത്തിലൂടെ ജനവിരുദ്ധമായ ബാങ്കിംഗ് പരിഷ്കരണ അജണ്ടയുമായി മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബാങ്കിംഗ് മേഖലയിലെ ജീവനക്കാരും ഓഫീസർമാരും 26ന് അഖിലേന്ത്യാതലത്തിൽ പണിമുടക്കുന്നു.
ബാങ്കിംഗ് മേഖലയിലെ മുഴുവൻ സംഘടനകളുടെയും കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് 10 ലക്ഷം വരുന്ന ജീവനക്കാർ പണിമുടക്കിലേക്ക് പോകുന്നത്. ആറു ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ച നടപടി ഒരു ഗുണവും ചെയ്തില്ലെന്ന് മാത്രമല്ല സർവീസ് ചാർജ് വർദ്ധനയും ശാഖകൾ അടച്ചുപൂട്ടലും, വൻകിട കിട്ടാക്കടങ്ങൾ വർദ്ധിക്കുകയും തൊഴിൽ സാദ്ധ്യതകൾ കുറയുകയും നഷ്ടം കൂടുകയുമാണ് ഉണ്ടാക്കിയത്.
ലയനങ്ങൾ നിർത്തിവെച്ച് കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
പണിമുടക്കിന് മുന്നോടിയായി കൊല്ലത്ത് ചിന്നക്കടയിൽ ബാങ്ക് ജീവനക്കാർ പ്രതിഷേധപ്രകടനം നടത്തി. യു.എഫ്.ബി.യു ജില്ലാ കണ്‍വീനർ യു. ഷാജി, എ.ഐ.ബി.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. അൻസാരി, എസ്. അഖിൽ, അരുണ്‍, ജി. സതീഷ്, തുടങ്ങിയവർ പ്രസംഗിച്ചു.