കൊല്ലം: മൂവായിരത്തിലധികം കെഎസ്ആര്‍ടിസി എം പാനല്‍ കണ്ടക്ടര്‍മാരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിരിച്ച് വിടാനുള്ള നീക്കം ഉപേക്ഷിച്ച് മാനുഷിക പരിഗണന നല്കി ഇവര്‍ക്ക് ആവശ്യമായ സംരക്ഷണ നല്‍കാനും പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള കണ്ടക്ടര്‍മാരെ നിയമിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.
എം.പാനല്‍ കണ്ടക്ടര്‍മാര്‍ക്കെതിരായുള്ള കോടതി വിധി സര്‍ക്കാരിന്റേയും കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റേയും ഒത്തുകളിയുടെ ഭാഗമാണ്. വര്‍ഷങ്ങളായി കെഎസ്ആര്‍ടിസിയില്‍ പണി എടുക്കുന്ന എം.പാനല്‍ കണ്ടക്ടര്‍മാരുടെ ജീവിത പ്രയാസങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരും മാനേജുമെന്റും പൂര്‍ണമായും പരാജയപ്പെട്ടു.
ഇത്രയും എം. പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിടുന്നതു മൂലം കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുകയും യാത്രക്കാര്‍ പെരുവഴിയിലുമാകുന്ന സാഹചര്യമാണുള്ളത്.
ശബരിമല തീര്‍ഥാടനം നടന്നു കൊണ്ടിരിക്കുന്ന വേളയില്‍ ഇത്രയും എം.പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിടുമ്പോള്‍ കെഎസ്ആര്‍ടിസി യുടെ സര്‍വീസ് താറുമാറാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കെഎസ്ആര്‍ടിസി എം. പാനല്‍ കണ്ടക്ടര്‍മാരെ സംരക്ഷിച്ചു കൊണ്ടു തന്നെ പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള കണ്ടക്ടര്‍മാര്‍ക്ക് ഘട്ടം ഘട്ടമായി നിയമനം നല്കാന് ദീര്‍ഘ വീക്ഷണത്തോടു കൂടിയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഹൈക്കോടതിയില്‍ നിന്നും ഇത്തരത്തിലുള്ള ഒരു വിധി ഉണ്ടാകുമായിരുന്നില്ല.
മൂവായിരത്തിലധികം കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിയിടുന്ന, മറ്റൊരു ജോലിക്കും അപേക്ഷിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ പ്രായ പരിധി കഴിഞ്ഞ എം. പാനല്‍ കണ്ടക്ടര്‍മാരെ സര്‍ക്കാരും കെഎസ്ആര്‍ടിസി യും ചേര്‍ന്ന് വഴിയാധാരമാക്കിയതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ.
10 ഉം 15 ഉം 20 ഉം വര്‍ഷക്കാലം എം.പാനല്‍ കണ്ടക്ടര്‍മാരായി കെഎസ്ആര്‍ടിസിയില്‍ പണി എടുത്ത കണ്ടക്ടര്‍മാര്‍ക്ക് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജോലി നഷ്ടപ്പെട്ട് ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന്റെ പൂര്‍ണ ഉത്തരവാദി പിണറായി സര്‍ക്കാരാണെന്നും എംപി പറഞ്ഞു.
കെഎസ്ആര്‍ടിസി എം.പാനല്‍ കണ്ടക്ടര്‍മാരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിയില്ലായെങ്കില്‍ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ഓര്‍മ്മിപ്പിച്ചു.