സ്വന്തംലേഖകന്‍
കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴിയുള്ള വര്‍ഗീയ വിദ്വേഷണ പ്രചാരണങ്ങള്‍ക്കെതിരേ ഒന്നര കോടി രൂപ ചെലവിട്ട് പോലീസ് നിരീക്ഷണം ശക്തമാക്കുന്നു. കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ചാണ് നവമാധ്യമങ്ങള്‍ വഴിയുള്ള ഇത്തരം പ്രചരണങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
കൊച്ചിയില്‍ ആരംഭിക്കാന്‍ പോവുന്ന സൈബര്‍ ഡോമില്‍ “ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് മോണിറ്ററില്‍ സിസ്റ്റം’ വഴിയും കോഴിക്കോട് സിറ്റിയില്‍ ആരംഭിക്കുന്ന സൈബര്‍ ഡോമില്‍ “സോഷ്യല്‍ മീഡിയ ലാബ് ആൻഡ് ഇന്റര്‍നെറ്റ് മോണിറ്ററില്‍ ഹാര്‍വെയര്‍ ‘ വഴിയുമാണ് നിരീക്ഷണം ശക്തമാക്കുന്നത്.
ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് മോണിറ്ററില്‍ സിസ്റ്റ്ത്തിനായി സ്റ്റേറ്റ് പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയുടെ ഭരണാനുമതി ആഭ്യന്തരവകുപ്പ് നല്‍കിയിട്ടുണ്ട്. 2018-19 സ്റ്റേറ്റ് പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി ‘സോഷ്യല്‍ മീഡിയ ലാബ് ആൻഡ് ഇന്റര്‍നെറ്റ് മോണിറ്ററില്‍ ഹാര്‍വെയര്‍ ‘ സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.
ഇതിനു പുറമേ വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്ന സാമൂഹ്യ വിരുദ്ധ ശക്തികളെ അമര്‍ച്ച ചെയ്യുന്നതിനായി ഇന്റലിജന്‍സ് വിഭാഗവും കാര്യക്ഷമമാക്കുന്നുണ്ട്. ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലന പരിപാടികള്‍ കേന്ദ്ര-ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെ നടത്തുന്നുണ്ട്.
സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷണ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ജില്ലാ സൈബര്‍ സെല്ലുകള്‍, സൈബര്‍ ഡോം, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ എന്നിവ മുഖേനയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പോലീസിലെ കംപ്യൂട്ടര്‍ പരിഞ്ജാനമുള്ള ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ സുരക്ഷയെ കുറിച്ച് ആവശ്യമായ ആധുനിക പരിശീലന പരിപാടികളും വിവിധ ഏജന്‍സികള്‍ വഴി നടത്തുന്നുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം വിദ്വേഷ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് 60 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് . ഇതില്‍ 44 കേസുകളും സോഷ്യല്‍ മീഡിയവഴിയുള്ളതാണ്. ഈ സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.