കാളികാവ്: വാഹനം ഇടിച്ച യുവാക്കൾക്ക് നഷ്ടപരിഹാരം നൽകാത്തതിനാൽ കാളികാവ് ഗ്രാമപഞ്ചായത്തിനെതിരെ വീണ്ടും കോടതി നടപടി. ഒരു ലക്ഷത്തിപതിനാലായിരം രൂപയാണ് അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെയാൾക്ക് ഉടൻ നൽകാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ പുതിയത്ത് ഫൈസൽ (37) എന്നയാൾക്കാണ് നഷ്ടപരിഹാരം. കഴിഞ്ഞ ദിവസം ആദ്യത്തെയാൾക്ക് വിധിച്ച എട്ടര ലക്ഷം രൂപ നൽകാത്തതിനാൽ കോടതി പഞ്ചായത്ത് വക വാഹനം ജപ്തി ചെയ്തിരിക്കുകയാണ്.
അപകട സമയത്ത് ഇൻഷ്വറൻസ് ഇല്ലാത്തതിനാലാണ് മഞ്ചേരി കോടതി വാഹനം ജപ്തി ചെയ്തത്. ഇതിന് പുറമെയാണ് അപകടത്തിൽ പരിക്കേറ്റ പുതിയത്ത് ഫൈസൽ എന്നയാൾക്കും നഷ്ടടപരിഹാര തുക നൽകാൻ കോടതി വിധിയായിരിക്കുന്നത്. 2014 ഒക്ടോബർ 27നാണ് ചോക്കാട് അങ്ങാടിക്ക് സമീപം അപകടംം നടന്നത്. ചോക്കാട് സ്വദേശിയായ തയ്യിൽ അബ്ദുൽ ബാസിത്നേയും പുതിയത്ത് ഫൈസലിനേയുമാണ് പഞ്ചായത്ത് വാഹനം ഇടിച്ച് തെറിപ്പിച്ചത്.
രണ്ട് പേരും സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽ പെട്ടത്. രണ്ട് പേർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പഞ്ചായത്ത് അധികൃതർ രണ്ട് പേരെയും തിരിഞ്ഞ് നോക്കിയില്ലെന്നും ആരോപണമുയർന്നിരുന്നു. നാല് വർഷക്കാലം കേസ് നടന്നെങ്കിലും പഞ്ചായത്ത് അധികൃതർ കോടതിയിലും ഹാജരായിരുന്നില്ലെന്നും ആരോപണമുണ്ട്.
ആദ്യം വിധിച്ച നഷ്ടപരിഹാര തുക നൽകാത്തതിനെ തുടർന്ന് പലിശയടക്കം ഭീമമായ തുകയായി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ പത്തിന് തിങ്കളാഴ്ച കോടതിയിൽ നിന്ന് ആമീനെത്തിയാണ് വാഹനം ജപ്തി ചെയ്ത് കൊണ്ട് പോയത്. നാല് വർഷത്തോളം നടന്ന കോടതി നടപടികളിൽ സഹകരിക്കാത്ത പഞ്ചായത്ത് അധികൃതർ വാഹനം ജപ്തി ചെയ്തതോടെ കോടതിയിൽ എത്തിയെങ്കിലും വാഹനം വിട്ട് കൊടുത്തിട്ടില്ല.
തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 22ന് കോടതി കേസ് പരിഗണിക്കും. 26ന് വാഹനം ലേലത്തിന് വെച്ചിരിക്കുകയാണ്. അഞ്ചു ലക്ഷം രൂപയാണ് വാഹനത്തിന് വില നിശ്ചയിച്ചിരിക്കുന്നത്. ബാക്കി തുക കൂടി ഈടാക്കുന്നതിന് പഞ്ചായത്തിന്റെ മറ്റ് സ്ഥാപര ജംഗമ വസ്തുക്കൾ കൂടി ജപ്തിക്കിരയാക്കും. ഇതിനിടെ എട്ടു ലക്ഷത്തോളം രൂപ ഫൈസലിനും വിധിയായിട്ടുണ്ടെന്നും പറയപ്പെടുന്നു. അങ്ങനെയെങ്കിൽ രണ്ട് പേർക്കും കൂടി 17 ലക്ഷത്തോളം രൂപ ഗ്രാമപഞ്ചായത്ത് നഷ്ടപരിഹാരം നൽകേണ്ടി വരും .