കണ്ണൂർ: സംസ്ഥാന വ്യാപകമായി ഓൺലൈൻ ടാക്സി സർവീസ് തുടങ്ങാൻ നിരവധി പേരിൽനിന്നായി അരക്കോടി രൂപയോളം സ്വരൂപിച്ച ശേഷം സ്ഥാപനം തുടങ്ങുകയോ തുക തിരിച്ചുനൽകുകയോ ചെയ്യാത്ത വഞ്ചിച്ച സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. ചിറക്കൽ സ്വദേശി കെ. സൂരജിനെ (42) യാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്.
ഇന്നു പുലർച്ചെ പറശിനിക്കടവിലെ ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസ് സംഘം പിടികൂടിയത്. ഇതിനകം പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ, തേഞ്ഞിപ്പാലം, കോട്ടയം, തൃശൂർ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നായി പത്തോളം പേരിൽനിന്നാണ് അരക്കോടി രൂപയോളം തട്ടിയെടുത്തതായാണ് വിവരം ലഭിച്ചിരിക്കുന്നത്.
തലശേരിയിലെ ഹരി നിവാസിൽ രഞ്ജിത്ത് ബാലിക നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലാകുന്നത്. ഓൺലൈൻ ടാക്സിയുടെ ഓഹരി ഉടമയാക്കാമെന്ന് പറഞ്ഞ് ഇയാളിൽനിന്ന് മൂന്നുലക്ഷം രൂപ കൈക്കലാക്കിയെന്നാണ് പരാതി. കണ്ണോത്തുംചാലിലെ സഹീർ സെയ്ദിൽനിന്ന് അഞ്ചു ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തിട്ടുണ്ട്.
നേരത്തെ പുതിയതെരുവിലെ ട്രേഡ് സെന്ററിലെ തരംഗ് സൊല്യൂഷൻ എന്ന സ്ഥാപനം തുടങ്ങിയ സൂരജ് പിന്നീട് കണ്ണൂർ റബ്കോ ബിൽഡിംഗിൽ ഓൺലൈൻ ടാക്സി സംവിധാനമെന്ന നിലയിൽ ഓൺലൈൻ ടാക്സി സംവിധാനം ആരംഭിക്കുകയായിരുന്നു.
ഇയാൾ പിടിയിലായതായെന്ന് അറിഞ്ഞതോടെ നിരവധി പേർ പരാതിയുമായി ടൗൺ സ്റ്റേഷനിലെത്തി. ഇയാളെ പിടികൂടിയ സംഘത്തിൽ എഎസ്ഐ അനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സഞ്ജയ്, അനിൽ ബാബു എന്നിവരും ഉണ്ടായിരുന്നു.