വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് കാലങ്ങളായി ചര്‍ച്ചകള്‍ക്ക് വിഷയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ബിജെപിയുടെ അവിശ്വസനീയമായ രീതിയിലുള്ള, തുടര്‍ച്ചയായ ജയങ്ങളെ തുടര്‍ന്നാണ് പ്രധാനമായും ഇങ്ങനെയൊരാരോപണം ഉയര്‍ന്ന് വന്നത്.
ബിജെപിയ്ക്കെതിരെയാണ് പ്രധാനമായും വോട്ടിംഗ് മെഷീന് തിരിമറികള്‍ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതും. ആരോപണം ശരിയോ തെറ്റോ എന്ന് ആരില്‍ നിന്നും വ്യക്തമാകാത്തതിനാല്‍ ഈ വിഷയത്തില്‍ കനത്ത ആശയക്കുഴപ്പത്തിലാണ് രാജ്യത്തെ വോട്ടര്‍മാര്‍ എല്ലാവരും.
ഇപ്പോഴിതാ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും പടിയിറങ്ങിയ ഓം പ്രകാശ് റാവത്ത് രംഗത്തെത്തിയിരിക്കുന്നു. വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടക്കുന്നുണ്ടോ, നരേന്ദ്രമോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നീ ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം മറുപടി പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ..
തിരഞ്ഞെടുപ്പിലെ പണക്കൊഴുപ്പ് ഒരു പ്രധാന പ്രതിസന്ധിയാണ്. തിരഞ്ഞെടുപ്പില്‍ പണം മുടക്കി ജയിച്ചാല്‍ ലാഭമടക്കം തിരിച്ചുപിടിക്കാമെന്ന അവസ്ഥയുണ്ട്. അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ 240 കോടിയലിധം രൂപയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പിടിച്ചെടുത്തത്. തെലങ്കാനയില്‍ മാത്രം 100 കോടി രൂപ പിടിച്ചെടുത്തു.
അതുപോലെ തന്നെ നോട്ട് നിരോധനം നടപ്പാക്കുന്നതോടെ തിരഞ്ഞെടുപ്പില്‍ കള്ളപ്പണം പിടിച്ചെടുക്കുന്നത് കുറയുമെന്ന് കരുതിയിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. നോട്ട് നിരോധനത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ പണം പിടിച്ചെടുക്കുന്ന സാഹചര്യമായിരുന്നു.
വിവിപാറ്റ് വോട്ടിംഗ്് യന്ത്രങ്ങള്‍ വിശ്വാസയോഗ്യമാണ്. കൃത്രിമം നടത്താനും കഴിയില്ല. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച്ചകളാണ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്. മധ്യപ്രദേശില്‍ സംഭവിച്ചത് അതാണ്. അഴിമതിയ്ക്ക് കൂട്ടു നില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ദാരിദ്രമില്ലല്ലോ നമ്മുടെ രാജ്യത്ത്.
വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുമെന്ന് തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ ആരും ചോദ്യം ചെയ്തുരംഗത്തുവന്നില്ല.
എന്റെ കാലയളവില്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ഒരു ചോദ്യം ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ കേന്ദ്രമന്ത്രിമാരും പഴയ കേന്ദ്രമന്ത്രിമാരും അവരവരുടെ പാര്‍ട്ടിയുടെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ കമ്മിഷനെ സമീപിച്ചിരുന്നു. അത്രമാത്രം.