രാജ്യത്തെ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെല്ലാം വിശ്രമമില്ലാത്ത നാളുകളായിരുന്നു കഴിഞ്ഞു പോയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് പ്രചാരണവും തന്ത്രങ്ങള്‍ മെനയലും തെരഞ്ഞെടുപ്പും അത് സംബന്ധിച്ച കണക്കുകൂട്ടലുകളും പിന്നീട് റിസള്‍ട്ടും അധികാരമേറ്റെടുക്കലുമെല്ലാമായി ഊണും ഉറക്കും നഷ്ടപ്പെട്ട, ഉറക്കമില്ലാത്ത നാളുകള്‍.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് സമാനമായ രീതിയില്‍ അധ്വാനിച്ച വ്യക്തിയാണ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി. മോദിയ്ക്ക് പറ്റിയ എതിരാളി തന്നെയാണ് താനെന്ന് രാഹുല്‍ അത്യധ്വാനത്തിലൂടെ ഇത്തവണ തെളിയിക്കുകയും ചെയ്തു. മൂന്ന് സംസ്ഥാനങ്ങളിലെ ഭരണമാണ് രാഹുല്‍ ഗാന്ധി നേതൃത്വം നല്കിയ കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തവണ പിടിച്ചിരിക്കുന്നത്.
മുള്ളിന്മേല് നിന്നിരുന്ന ആ കാലഘട്ടത്തിനുശേഷം ഇപ്പോഴിതാ തെല്ലൊന്ന് വിശ്രമിക്കാനും വിജയം ആഘോഷിക്കാനുമായി രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഷിംലയില്‍ എത്തിയിരിക്കുന്നു. സഹോദരി പ്രിയങ്ക ഗാന്ധിക്കും കുട്ടികള്‍ക്കുമൊപ്പമാണ് രാഹുല്‍ ഹിമാചല്‍പ്രദേശിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഷിംലയില്‍ എത്തിയിരിക്കുന്നത്.
ഷിംലയില്‍ നിന്നും 13 കിലോ മീറ്റര്‍ അകലെയുള്ള ഛരാബ്രയില് നിര്‍മിക്കുന്ന വീടിന്റെ മേല്‍നോട്ടത്തിന് കൂടിയായാണ് പ്രിയങ്ക ഷിംലയില്‍ എത്തിയത്. ഛരാബ്രയിലെ ഹോട്ടലിലാണ് പ്രിയങ്കയും മക്കളും താമസിക്കുന്നത്.
വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഷിംല സന്ദര്‍ശിക്കാന്‍ പോവുകയാണെന്ന് രാഹുല്‍ പറഞ്ഞതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എന്നാല്‍ രാഹുലിന്റെ യാത്രകളെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് സുഖ്വീന്ദര് സുഖു പറഞ്ഞു.