കൊച്ചി: മയക്കുമരുന്നുമായി സിനിമാ-സീരിയൽ നടിയും സഹായിയും പിടിയിലായ കേസിൽ അന്വേഷണസംഘം കൂടുതൽ അറസ്റ്റിലേക്ക് കടക്കുന്നതായി സൂചന. അന്വേഷണം ഉൗർജിതമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
കാക്കനാട് പാലച്ചുവടിലെ ഫ്ളാറ്റിൽനിന്നും കഴിഞ്ഞ ഞായറാഴ്ചയാണു സിനിമാ-സീരിയൽ താരവും തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയുമായ അശ്വതിയെയും സഹായിയും ഡ്രൈവറുമായ എറണാകുളം തമ്മനം സ്വദേശി ബിനോയിയെയും എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. നടിയിൽനിന്നും പിടിച്ചെടുത്ത ഫോണ് പരിശോധനയിലാണ് കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.
ഫോണ് പരിശോധനയിൽ കൊച്ചിയിൽ ഉൾപ്പെടെയുള്ള പല പ്രമുഖർക്കും നടിയുമായി ഇടപാടുകൾ ഉണ്ടെന്നാണ് അധികൃതർ തിരിച്ചറിഞ്ഞിട്ടുള്ളത്രേ. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് നടിയിൽനിന്നും വ്യക്തമായ ചിത്രം പോലീസിനു ലഭിച്ചിരുന്നില്ല. എന്നാൽ, ബംഗ്ളൂരുവിനു പുറമേ മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നാണ് മയക്കുമരുന്നുകൾ ലഭിക്കുന്നതെന്നാണ് നടിയിൽനിന്നും പോലീസിനു ലഭിച്ച വിവരം.
ഇതിനിടെ, നടിക്ക് സെക്സ് റാക്കറ്റ് ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഈ വഴിക്കും അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അന്തർ സംസ്ഥാന സെക്സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണെന്നാണു സൂചന. സിനിമ, സീരിയൽ രംഗത്തുള്ളവർക്കായി ഡ്രഗ് പാർട്ടികൾ നടത്തുന്നതിലും അശ്വതിക്കു പങ്കുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
അന്വേഷണ സംഘം ഉടൻ ബംഗ്ളൂരുവിലേക്ക് തിരിക്കില്ലെന്നും പല മാർഗത്തിലൂടെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കേസുമായി ബന്ധപ്പെട്ട് ഉടൻതന്നെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.