സന്തോഷ് പ്രിയൻ
കൊല്ലം: കൊല്ലം നഗരത്തിൽ ഒരുകാലത്ത് പ്രതാപത്തോടെ തലഉയർത്തി നിന്നിരുന്ന സിനിമാതീയേറ്ററുകൾ അടച്ചുപൂട്ടലിലേക്ക്.ഇതിനകം നഗരത്തിലെ ആദ്യകാല തീയേറ്ററുകളിൽ നാലെണ്ണത്തിന് അടുത്തിടെ താഴ് വീണു. അർച്ചന, ആരാധന, ഗ്രാൻഡ്, പ്രിൻസ് എന്നീ തീയേറ്ററുകളാണ് അടുത്ത സമയത്ത് അടച്ചുപൂട്ടിയത്.
അധികചെലവാണ് പൂട്ടാൻ കാരണം. മൾട്ടിപ്ലക്സ് തീയേറ്ററുകളുടെ കടന്നുകയറ്റവും പ്രധാനമായും സിംഗിൾ തീയേറ്ററുകളെ നഷ്ടത്തിലാക്കി പ്രവർത്തനം നിർത്തിവയ്പ്പിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നതെന്ന് ഉടമകൾ പറയുന്നു.
നിയന്ത്രണങ്ങളില്ലാതെ നഗരങ്ങളിൽ മൾട്ടിപ്ലക്സ് തീയേറ്ററുകൾ അനുവദിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. സിംഗിൾ തീയേറ്ററുകൾ തുടങ്ങുന്പോൾ കുറഞ്ഞത് അന്പത് സെന്റ് സ്ഥലം വേണമെന്നാണ് നിയമം. വാഹനപാർക്കിംഗിന് പ്രത്യേകം സ്ഥലവും വേണം.
എന്നാൽ ഷോപ്പിംഗ് മാളുകളിലെ തീയേറ്ററുകൾക്ക് ഈ നിയമം ബാധകമല്ലെന്നാണ് സിംഗിൾ തീയേറ്റർ ഉടമകൾ പറയുന്നത്. നഷ്ടത്തിന്റെ മറ്റൊരു പ്രധാന കാരണം തൊഴിലാളികൾക്കിടയിലെ യൂണിയൻ പ്രശ്നമാണ്. 34 ശതമാനം ബോണസാണ് തൊഴിലാളികൾക്ക് നൽകേണ്ടിവരുന്നത്. ബാറ്റ വേറെയും. വൈഡ് റിലീസും തീയേറ്ററുകളെ നഷ്ടത്തിലാക്കുന്ന മറ്റൊരു ഘടകമാണെന്നും ഉടമകൾ പറയുന്നു. മെയിന്റനൻസിനും മറ്റും വൻതുകയാണ് വേണ്ടിവരുന്നത്.
ഒരുമാസം നാല് ലക്ഷത്തോളം രൂപയാണ് ഒരു തീയേറ്ററിൽ ശരാശരി ചെലവ് വരുന്നത്. കളക്ഷൻ കുറയുന്പോൾ ചില അവസരങ്ങളിൽ വരവ് രണ്ടര ലക്ഷം മാത്രമായി കുറയും. വൻഹിറ്റായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്പോൾ ഇരുപത് ലക്ഷം വരെ കിട്ടുമെന്നും ഉടമകൾ പറയുന്നു. ചില ചിത്രങ്ങൾക്ക് ആളില്ലാത്തതിനാൽ ഷോ മുടങ്ങുന്നതും വൻ നഷ്ടത്തിന് ഇടയാക്കുന്നു.
റിലീസ് തീയേറ്ററുകളുടെ എണ്ണം കുറച്ചാൽ വലിയ നഷ്ടത്തിൽനിന്നും കരകയറാൻ കഴിയും. കേരളത്തിലെ 400 തീയേറ്ററുകളും ഇപ്പോൾ റിലീസിംഗ് തീയേറ്ററാക്കി മാറ്റി. കൊല്ലം നഗരത്തിൽ മാത്രം ഒരു ദിവസം നാൽപത് ഷോയാണ് നടക്കുന്നത്. തീയേറ്റർ ഉടമകളുടെ നഷ്ടം കുറയ്ക്കാൻ ഡിസ്ട്രിബ്യൂട്ടേഴ്സും പ്രൊഡ്യൂസേഴ്സും എക്സിബിറ്റേഴ്സും ഒരുമിച്ച് ശ്രമിച്ചാൽ മാത്രമേ നടക്കുവെന്നാണ് ഉടമകൾ പറയുന്നത്.
ഉഷ, പ്രണവം, പാർഥ, സാരഥി, രമ്യ, ധന്യ, ജിമാക്സ് (രണ്ട്), കാർണിവൽ(രണ്ട്), കപ്പിത്താൻസ്, എസ്എംപി എന്നിവയാണ് ഇപ്പോൾ നഗരത്തിൽ പ്രവർത്തിക്കുന്ന തീയേറ്ററുകൾ.