കൊല്ലം: സിറ്റി പോലീസിന്റെ വനിതാ സെല്ലില്‍ നിയമസഹായ അഭയ കേന്ദ്രം തുറന്നു. വനിതാ സെല്ലില്‍ എത്തുന്ന സിവില്‍ കേസുകളുമായി ബന്ധപ്പെട്ട് നിയമ സഹായം ലഭ്യമാക്കുന്നതിനാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും സിറ്റി പോലീസിന്റെെയും നേതൃത്വത്തില്‍ ലീഗല്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.
പോലീസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി കൂടിയായ സബ് ജഡ്ജ് ആര്. സുധാകാന്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വനിതാ സെല്ലില്‍ എത്തുന്ന കേസുകളില്‍ ഏറെയും കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഇവയ്ക്ക് പരിഹാരം കാണുന്നതിന് പാനല്‍ അഡ്വക്കേറ്റിന്റേയും പാരാ ലീഗല്‍ വോളണ്ടിയറുടേയും സേവനം കേന്ദ്രത്തില്‍ ലഭ്യമാകും. ആഴ്ചയില്‍ രണ്ട് ദിവസമാകും ലീഗല്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുക. കൗണ്‍സിലിംഗ് സൗകര്യവും ഇവിടെയുണ്ടാകും.
തുടര്‍നടപടികള്‍ ആവശ്യമുള്ള പരാതികള്‍ അദാലത്ത് വഴിയാകും തീര്‍പ്പാക്കുക. അതിവേഗ പരാതി പരിഹാരമാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. നിലവില്‍ ജില്ലയിലെ നാലു പോലീസ് സ്റ്റേഷനുകളില്‍ നിയമസഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഡിസിആര്‍ബി. അസിസ്റ്റന്റ് കമ്മീഷണര്‍ എം.ആര്. സതീഷ് കുമാര്‍ അധ്യക്ഷനായി. എസിപിഎ. പ്രതീപ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, വനിതാ സെല്‍ സിഐസര്ക്കിള് ഇന്‍സ്പെക്ടര്‍ ജിജിമോള്‍, ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഞ്ജുലാല്‍, സിന്ധു പട്ടത്തുവിള, വനിതാ സെല്‍ എസ്ഐ എഫ്. മേഴ്സി, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബീന തുടങ്ങിയവര്‍ പങ്കെടുത്തു.