മംഗലംഡാം: ആദിവാസികോളനികളുടെ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നത് പുരുഷന്മാരുടെ അമിത മദ്യപാനമാണെന്ന് വനത്തിനുള്ളിലെ തളികകല്ല് ആദിവാസി കോളനി മൂപ്പൻ രാഘവൻ. മദ്യപാനംമൂലം കോളനികൾ പലതും നശിക്കുന്ന സ്ഥിതിയാണ്.മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുംവിധമാണ് സർക്കാരും മദ്യശാലകൾ തുടങ്ങുന്നത്.
സർക്കാർ നല്കുന്ന പല സൗജന്യങ്ങളും മദ്യത്തിലൂടെ തിരിച്ചുപിടിക്കുന്നു. ഏതുസമയവും മദ്യത്തിന് അടിമയാകുന്ന യുവാക്കൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും ഏറുകയാണ്. തനിക്ക് ആരുമില്ലെന്ന ചിന്തയിലാണ് ആത്മഹത്യ നടക്കുന്നതെന്ന് രാഘവൻ പറഞ്ഞു. വനവിഭവങ്ങൾ വഴി ഭേദപ്പെട്ട വരുമാനം ലഭിക്കുന്നുണ്ട്.
എന്നാൽ കിട്ടുന്ന പണത്തിനു മുഴുവൻ മദ്യംവാങ്ങി കഴിച്ച് അബോധാവസ്ഥയിലാണ് പലരും നടക്കുന്നത്. മദ്യലഭ്യത കുറയ്ക്കണം. ആദിവാസികളുടെ ക്ഷേമത്തിനായി സർക്കാർ ആദ്യം ചെയ്യേണ്ടത് അതാണ്.വേനൽമാസങ്ങളിൽ കാട്ടുനെല്ലിക്കയും തേനും ലഭിക്കും. അതുവഴി കൂടുതൽ വരുമാനവും കൂടുതൽ മദ്യപാനവുമാണ് കോളനികളിലെ സ്ഥിതി. കാട്ടിനുള്ളിൽ പലദിക്കുകളിലായി താമസിച്ചിരുന്ന കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച മൂപ്പൻ രാഘവൻ തന്റെ സങ്കടം പങ്കുവയ്ക്കുകയാണ്.
കാടർ വിഭാഗത്തിൽപെട്ട ആദിവാസികളാണ് തളികകല്ലിലുള്ളത്. കോളനിയിലിപ്പോൾ 54 വീടുകളുണ്ട്. ഉൾക്കാടുകളിൽ പാറമടകളിലും മലമുകളിലുമാണ് ഈ കുടുംബങ്ങളെല്ലാം കഴിഞ്ഞിരുന്നത്. ഇവരെയെല്ലാം ഒന്നിച്ചുകൂട്ടി തളികകല്ല് മലയിൽ താമസിച്ചത് മൂപ്പന്റെ ഏറെക്കാലത്തെ പരിശ്രമഫലമായിരുന്നു. 1980-ൽ 17 കുടുംബങ്ങളുമായാണ് കോളനിയിൽ താമസം തുടങ്ങിയത്.
കാട്ടുപാതകളായിരുന്നു പുറംലോകവുമായി ബന്ധപ്പെടാനുള്ള മാർഗം. രോഗംവന്നാൽ പുതിയ ചികിത്സാരീതികളൊന്നും സ്വീകരിക്കാതിരുന്ന കാലം. കുഴന്പുപുരട്ടിയും പച്ചമരുന്നുകൾ കഴിച്ചും രോഗം അകറ്റും. എന്നാൽ അന്നെല്ലാം ആദിവാസികൾ ഏറെ ആരോഗ്യവ·ാരായിരുന്നു. പിന്നീട് പുറംലോകവുമായുള്ള ബന്ധം കൂടിയതോടെ അതിന്േറതായ ഗുണങ്ങളും ദോഷങ്ങളും ഏറി. മദ്യപാനത്തിലേക്ക് പുരുഷന്മാർ മാറിയതോടെ കോളനികളുടെ തകർച്ചയും തുടങ്ങിയതായി തൊണ്ണൂറുകാരനായ മൂപ്പൻ പറയുന്നു.