ഫാം ഹൗസ് നടത്തിപ്പുകാരനെയും സുഹൃത്തുക്കളെയും ബലമായി നഗ്നചിത്രങ്ങളെടുത്തു ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കാറും കവര്‍ച്ച ചെയ്ത ഗുണ്ടാസംഘത്തില്‍ പ്രധാന പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ ഒളിവില്‍. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ ഒന്നാം പ്രതി ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനം വിട്ടതായാണു സൂചനയെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്നും കേസ് അന്വേഷിക്കുന്ന കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസ് പറഞ്ഞു.
കേസില്‍ പിടിയിലായ രണ്ടുപ്രതികളെ റിമാന്‍ഡ് ചെയ്തു. അമ്പുനാട് കുഴിയിലാന് ലുക്മാനുല്‍ ഹക്കിം (24), മുപ്പത്തടം വളയംകുന്നില്‍ മുഹമ്മദ് ഷെരീക്ക് (23) എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ 11ന് വൈകിട്ട് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.
വാഴക്കുളം എംഇഎസ് ജംഗ്ഷനു സമീപം കാന്പായി കവലയില്‍ വാടകയ്ക്കെടുത്ത മൂന്നര ഏക്കര്‍ സ്ഥലത്തു ഫാം ഹൗസ് നടത്തിയിരുന്ന അങ്കമാലി മഞ്ഞപ്ര സ്വദേശിയും സുഹൃത്തുക്കളുമാണു കവര്‍ച്ചയ്ക്കിരയായത്. ഫാംഹൗസിലെത്തിയ സംഘം വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി ഫാംഹൗസ് നടത്തിപ്പുകാരനെയും സുഹൃത്തുക്കളെയും വീട്ടുജോലിക്കാരിക്കൊപ്പം ചേര്‍ത്തുനിര്‍ത്തി നഗ്നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു.
ഫാം ഹൗസില്‍ എത്തിയ പ്രതികള്‍ ഫാം ഹൗസ് വ്യഭിചാരകേന്ദ്രമാണെന്ന് ആരോപിച്ചു ഫാം നടത്തണമെങ്കില്‍ രണ്ടു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടത്രേ. ഇതോടെ വാക്കുതര്‍ക്കമായി. പ്രതികള്‍ പിന്നീട് ആലുവയിലുള്ള ക്വട്ടേഷന്‍ സംഘത്തെ വിളിച്ചുവരുത്തി വടിവാള്‍ കഴുത്തില്‍ വച്ചു ഫാം ഹൗസ് നടത്തിപ്പുകാരന്റെ സുഹൃത്തുക്കളെ ഓരോന്നായി വീട്ടുജോലിക്കാരിയോടൊപ്പം മുറിയില്‍ കയറ്റി നഗ്നരാക്കി മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്രെ.
ഇന്റര്‍നെറ്റില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഓരോരുത്തരുടെയും ആഭരണങ്ങളും കൈയിലുണ്ടായിരുന്ന പണവും കവര്‍ന്നു. തുടര്‍ന്നു മുറ്റത്തു പാര്‍ക്കു ചെയ്തിരുന്ന സുഹൃത്തിന്റെ കാറും കൊണ്ടുപോയി. തടിയിട്ടപറന്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവിലായി. കവര്‍ച്ച ചെയ്ത കാര്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആലുവയില്‍നിന്നു കണ്ടെത്തിയിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്ന്നു നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലായത്.