ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായി മുൻ താരമായ ഒലെ സോൾഷെയറെ നിയമിച്ചു. പുറത്താക്കപ്പെട്ട ഹൊസെ മൗറീഞ്ഞോയ്ക്കു പകരമായാണ് സോൾഷെയറിനെ മാനേജ്മെന്റ് നിയമിച്ചത്. ഈ സീസണ് അവസാനം വരെ സോൾഷെയറാകും യുണൈറ്റഡിന്റെ പരിശീലകൻ.
1996 മുതൽ 2007 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബൂട്ടുകെട്ടിയ സോൾഷെയർ 366 മത്സരങ്ങളിൽനിന്ന് 126 ഗോളുകൾ നേടിയിട്ടുണ്ട്. 1999ൽ യുണൈറ്റഡിനെ ചാന്പ്യൻസ് ലീഗ് കിരീടത്തിലെത്തിച്ച് ബയേണിനെതിരേ വിജയഗോൾ നേടിയത് ഈ നോർവേ താരമായിരുന്നു. നാൽപ്പത്തഞ്ചുകാരനായ സോൾഷെയർ രാജ്യത്തിനായി 67 മത്സരങ്ങളിൽനിന്ന് 23 ഗോൾ സ്വന്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച കാർഡിഫ് സിറ്റിക്കെതിരേ നടക്കുന്ന മത്സരത്തിലൂടെയാകും സോൾഷെയർ യുണൈറ്റഡിൽ തന്റെ പുതിയ ദൗത്യം ആരംഭിക്കുക. മൗറീഞ്ഞോ പുറത്തായെങ്കിലും അദ്ദേഹത്തിനൊപ്പം പരിശീലക സംഘത്തിലുണ്ടായിരുന്ന മൈക്കിൾ കാരിക്കും, മക് കെന്നയും സോൽഷെയറിനൊപ്പവും തുടരും.
2008-11 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റിസർവ് ടീമിനെ പരിശീലിപ്പിച്ച സോൾഷെയർ 2014ൽ കാർഡിഫ് സിറ്റിയുടെ തന്ത്രജ്ഞനുമായിരുന്നു. കാർഡിഫിനെ 30 മത്സരങ്ങളിൽ പരിശീലിപ്പിച്ച ഇദ്ദേഹത്തിന് ഒന്പത് ജയം മാത്രം നേടാനേ സാധിച്ചിരുന്നുള്ളൂ.
യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേൽക്കുന്ന സോൾഷെയറിന്റെ ആദ്യ മത്സരം കാർഡിഫിനെതിരേയാണെന്നതും യാദൃച്ഛികം. 2015 മുതൽ നോർവീജിയൻ ക്ലബ്ബായ മോൾഡെ എഫ്കെയുടെ പരിശീലകനായിരുന്നു.