നിയാസ് മുസ്തഫ
കോട്ടയം: ഏറ്റവും കൂടുതൽ പാർലമെന്റ് അംഗങ്ങളെ സൃഷ്ടിക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. അതുകൊണ്ടുതന്നെ ഉത്തർപ്രദേശിലെ രാഷ്ട്രീയം എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഭാവി തീരുമാനിക്കുന്നതിൽ നിർണായകമാണ്.
പാർലമെന്റ് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്പോൾ കോൺഗ്രസിനെ കൂട്ടാതെ മായാവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയും സഖ്യത്തിനൊരുങ്ങുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച.
ഇരുവരും ഒന്നിക്കുന്പോൾ തീർച്ചയായും അത് ബിജെപിയുടെ ഭാവിയുടെ മേൽ കരിനിഴൽ വീഴ്ത്തുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. പ്രതേ്യകിച്ച് മുഖ്യമന്ത്രിയും ഉത്തർപ്രദേശിലെ ബിജെപിയുടെ മുഖവുമായ യോഗി ആദിത്യനാഥിന്റെ ചങ്കിടിപ്പ് കൂട്ടും.
80 ലോക്സഭാ മണ്ഡലമാണ് ഉത്തർപ്രദേശിലുള്ളത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 71 സീറ്റാണ് ഉത്തർപ്രദേശിൽ ബിജെപി നേടിയെടുത്തത്. കോൺഗ്രസ്-രണ്ട്, സമാജ് വാദി പാർട്ടി-അഞ്ച്, അപ്നാ ദൾ-രണ്ട് എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്ഥാനം. ബിഎസ്പിക്ക് ഒന്നും കിട്ടിയില്ല.സംസ്ഥാന തെരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കോൺഗ്രസ് മുന്നേറ്റം ബി എസ്പിയേയും എസ്പിയേയും അല്പം ആകുലപ്പെടുത്തുന്നുണ്ട്.
2019ൽ കേന്ദ്രത്തിൽ ബിജെപി വരരുതെന്ന് ആഗ്രഹിക്കുന്നതോടൊപ്പം കേന്ദ്രത്തിൽ കോൺഗ്രസിന്റെ അപ്രമാദിത്വം ഇവർ ആഗ്രഹിക്കുന്നില്ല. കാരണം വിലപേശൽ ശക്തി കുറയുമെന്നതു തന്നെ. കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ വരണം, പക്ഷേ അത് പ്രാദേശിക കക്ഷികൾക്ക് നിർണായക സ്വാധീനമുള്ളതുമായിരിക്കണം എന്നതാണ് ബിഎസ്പിയുടെയും എസ്പിയുടെയും നിലപാട്.
അതേസമയം, കോൺഗ്രസിനെ കൂട്ടാതെയുള്ള ബിഎസ്പി-എസ്പി സഖ്യത്തെ കോൺഗ്രസ് അല്പം ആശങ്കയോടെയാണ് കാണുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതൃത്വം നൽകുന്ന വിശാല പ്രതിപക്ഷ മുന്നണിയോടൊപ്പം ബിഎസ്പിയും എസ്പിയും നില കൊള്ളുന്പോൾ ഉത്തർ പ്രദേശിൽ മാത്രമെന്തിനാണ് തങ്ങളെ മാറ്റി നിർത്തുന്നതെന്ന ചോദ്യം കോൺഗ്രസ് ക്യാന്പിൽ ഉയരുന്നുണ്ട്.
ഇതിനു പിന്നിൽ വ്യക്തമായ വിലപേശൽ രാഷ്ട്രീയത്തിനുള്ള കളമൊരുക്കലാണെന്നു കോൺഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജനുവരി 15ന് മായാവതിയുടെ ജന്മദിനമാണ്. അന്ന് സഖ്യം സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം മായാവതിയും അഖിലേഷ് യാദവും നടത്തും.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ഗോരഖ്പൂർ, ഫുൽപുർ, കൈരാന എന്നിവിടങ്ങളിൽ ബിഎസ്പി-എസ്പി സഖ്യം ബിജെപിയെ തോൽപ്പിച്ചിരുന്നു. ഇവിടെയെല്ലാം കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചത്. ബിഎസ്പി-എസ്പി സഖ്യത്തിലേക്ക് ആർഎൽഡിയും കടന്നുവരുന്നുണ്ട്. ബിഎസ്പി 38 സീറ്റിലും എസ്പി 37 സീറ്റിലും ആർഎൽഡി മൂന്നു സീറ്റിലും മത്സരിക്കാനാണ് പ്രാഥമികമായി ഉരുത്തിരിഞ്ഞു വന്ന തീരുമാനം.
മുസ്ലിം വോട്ടുകൾ കൂടുതൽ അനുകൂലമാക്കുക എന്നതാണ് മായാവതിയും അഖിലേഷും നേരിടുന്ന പ്രധാന വെല്ലുവിളി. ഏതാണ്ട് 80ൽ 37 സീറ്റുകളിൽ മുസ്ലിം വോട്ടുകൾ നിർണായക ശക്തിയാണ്. മുസ്ലിം വോട്ടുകൾ തങ്ങളുടെ പോക്കറ്റിലാക്കാൻ ബിഎസ്പി-എസ്പി സഖ്യത്തിനായാൽ വലിയൊരു രാഷ്ട്രീയ വിജയമായിരിക്കും യുപിയിൽ ഇരുവർക്കും ഉണ്ടാക്കാൻ കഴിയുക.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും സഖ്യത്തിലായിരുന്നു. ഇത് രണ്ടു കൂട്ടർക്കും പ്രയോജനപ്പെട്ടില്ല. ബിഎസ്പി ഒറ്റയ്ക്കു മത്സരിച്ചു. ഫലമോ ബിജെപി വൻ മുന്നേറ്റമുണ്ടാക്കി. ഇതു മനസിലാക്കിയാണ് ബിഎസ്പി-എസ്പി സഖ്യചർച്ച മുന്നേറിയത്. എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുന്പോൾ ഇവരുടെ സഖ്യത്തിലേക്ക് കോൺഗ്രസിനെക്കൂടി ഉൾപ്പെടുത്തേണ്ടി വരുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
എല്ലാവരും കൂടി ഒന്നിച്ചു നിന്നില്ലെങ്കിൽ ബിജെപിയുടെ മേൽ അധീശത്വം സ്ഥാപിക്കാൻ ആവില്ലായെന്ന് അവർ പറയുന്നു.അതേസമയം, ബിഎസ്പി-എസ്പി സഖ്യത്തെ കരുതലോടെയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപിയും നോക്കിക്കാണുന്നത്.
കാരണം അഞ്ചു നിയമസഭകളി ലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് മത്സര ഫലം ബിജെപിക്ക് കാര്യങ്ങൾ അത്ര പന്തിയല്ലാതാക്കി എന്നതു തന്നെ. പ്രതിപക്ഷത്തിനു കൈവന്നിരിക്കുന്ന ആത്മവിശ്വാസവും യോഗിയെ അസ്വസ്ഥനാക്കുന്നുണ്ട്. ഉത്തർപ്രദേശ് പിടിച്ചാൽ കേന്ദ്രം പിടിക്കാമെന്ന ചൊല്ല് ഉള്ളതിനാൽ ഉത്തർപ്രദേശിലെ ഒാരോ നീക്കവും കരുതലോടെയായിരിക്കും എല്ലാ പാർട്ടികളും നടത്തുക.