കോട്ടയം: കോട്ടയത്തും ഹർത്താലിനെതിരേ വ്യാപാരികൾ രംഗത്തു വന്നു. വഴിമുട്ടി ഇനി ഹർത്താലിൽ സഹകരിക്കില്ല. കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ പോലീസിന്റെ സഹായം തേടും. ഒപ്പം വ്യാപാര സംരക്ഷണ സേനയും രൂപീകരിക്കാൻ തീരുമാനിച്ചു.
251 പേർ അടങ്ങുന്ന വ്യാപാര സംരക്ഷണ സേനയാണ് കോട്ടയത്ത് രൂപീകരിക്കുന്നത്. സമ്മർദം മൂലം വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയോ അതുമൂലം നാശനഷ്ടങ്ങൾ ഉണ്ടാക്കുകയോ ചെയ്താൽ നിയമ നടപടികൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ടി.ഡി.ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ.ഖാദർ, ട്രഷറർ സി.എ.ജോണ്, വൈസ് പ്രസിഡന്റുമാരായ കുരുവിള തോമസ്, ജോസഫ് തോമസ്, എകഐൻ പണിക്കർ, കെ.പി.ഇബ്രാഹിം, സുരേഷ് ബൃന്ദാവൻ, പി.കെ.അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.