പത്തനംതിട്ട: വനിതാ മതിൽ സംഘാടനവുമായി ബന്ധപ്പെട്ട് യുഡിഎഫ് ജനപ്രതിനിധികൾ മാറിയതോടെ ജില്ലയിലെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും സംഘാടകസമിതി രൂപീകരണം ഉദ്യോഗസ്ഥർക്കു ബാധ്യതയായി മാറുന്നു. എൽഡിഎഫ് കക്ഷികൾ, സാമുദായിക സംഘടനകൾ തുടങ്ങി വനിതാ മതിലുമായി സഹകരിക്കുന്നവരെ മാത്രം പങ്കെടുപ്പിച്ച് സംഘാടകസമിതി രൂപീകരിക്കുകയാണ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം.
ഇന്നു തന്നെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സംഘാടകസമിതി ഉണ്ടാകണമെന്ന് സെക്രട്ടറിമാർക്കു ലഭിച്ചിരിക്കുന്ന നിർദേശം. 23നകം വാർഡുതല കമ്മിറ്റികളും രൂപീകരിക്കണം.യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ സംഘാടകസമിതിയുടെ നേതൃത്വം പുറമേ നിന്നുള്ള ആരെയെങ്കിലുമോ ബന്ധപ്പെട്ട ഭരണസമിതിയിലെ പ്രതിപക്ഷകക്ഷികളെയോ ഏല്പിക്കാനാണ് തീരുമാനം.
സംഘാടകസമിതി രൂപീകരണവും ആളെ കൂട്ടലും സെക്രട്ടറിമാരുടെ ബാധ്യതയായി മാറിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ മുഖേന സെക്രട്ടറിമാർക്ക് രേഖാമൂലം നിർദേശവും നൽകി. കുടുംബശ്രീ, അയൽക്കൂട്ടം ഭാരവാഹികൾ, ആശാ പ്രവർത്തകർ, അങ്കണവാടി അധ്യാപകർ, തൊഴിലുറപ്പ് തൊഴിലാളികൾ ഇവരെയൊക്കെ സംഘാടകസമിതി രൂപീകരണം മുതൽ കൂടെ നിർത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
60,000 വനിതകളെ ജില്ലയിൽ നിന്ന് ജനുവരി ഒന്നിന് ദേശീയപാതയിലെത്തിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പിന്നാലെ ഉദ്യോഗസ്ഥർക്കു ലഭിക്കും. ആളുകളെ സംഘടിപ്പിക്കുന്നതിലേക്ക് നിർബന്ധം ഉണ്ടാകില്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്. സർക്കാർ നിർദേശപ്രകാരം ആളുകളെ പങ്കെടുപ്പിക്കാനുള്ള ചുമതല ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവയ്ക്കപ്പെടുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.