നൗഷാദ് മാങ്കാംകുഴി
കായംകുളം: സർക്കാർ ജോലിയുണ്ടായിട്ടും അതുപേക്ഷിച്ച് കലാരംഗത്തോടുള്ള അഗാധമായബന്ധം തുടരാൻ കലയെ ജീവിതമാക്കിയ കലാകാരൻ ഗീഥാ സലാം ഇനി ഓർമ്മ. കബറടക്കം ഇന്ന് രാവിലെ ഓച്ചിറ വടക്ക് ജുമാമസ്ജിദിൽ നടന്നു. കലാ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധിപേർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. പൊതുമരാമത്ത് വകുപ്പിൽ ജീവനക്കാരനായിരുന്നു.
കലാരംഗത്ത് സജീവമാകാൻ പിന്നീട് ജോലി രാജിവയ്ക്കുകയായിരുന്നു. നാടക രംഗത്ത് നിന്നും സിനിമ സീരിയൽ രംഗത്ത് എത്തിയ ഗീഥാ സലാം ദൈന്യത കെട്ടിയാടുന്ന നിരവധി വേഷങ്ങൾക്കൊപ്പം ഹാസ്യം നിറഞ്ഞ ഒട്ടേറെ കഥാപത്രങ്ങളിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള സിനിമ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ നടനായിരുന്നു .
ഓച്ചിറ ഞക്കനാൽ പാറയിൽ പടീറ്റതിൽ അബ്ദുൾഖാദർ കുഞ്ഞിന്റെയും മറിയം ബീവിയുടെയും മൂത്തമകനായ അബ്ദുൽസലാം ചങ്ങനാശേരി ഗീഥാ എന്ന നാടക സമിതിയിലൂടെ യാണ് നാടകാഭിനയ രംഗത്തെത്തിയത്. ജനകീയ നടനായിമാറിയതിനെ തുടർന്ന് ഗീഥ സലാം എന്ന് പിന്നീട് അറിയപ്പെടുകയായിരുന്നു.
കായംകുളം കെ പി എ സി, കോട്ടയം നാഷണൽ, തിരുവനന്തപുരം ആരാധന തുടങ്ങിയ നാടകവേദികളിലെ ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.കൂടാതെ ഓച്ചിറ നാടക രംഗം എന്ന പേരിൽ സ്വന്തമായി നാടകവേദി സ്ഥാപിച്ച് അതിലും സജീവമായിരുന്നു.ഏറെക്കാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. എഴുപത്തിമൂന്ന് വയസായിരുന്നു. മൂന്ന് പതിറ്റാണ്ടുകാലം നാടകരംഗത്ത് പ്രതിഭ തെളിയിച്ച ഗീഥാ സലാമിന് 1987ൽ തിരുവനന്തപുരം ആരാധനയുടെ അഭിമാനം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നാടക നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
82 മലയാളസിനിമകളിൽ വിവിധ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.1980 ൽ ഇറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 2010 ലെ സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. റഹ്മയാണ് ഭാര്യ. മക്കൾ മുഹമ്മദ് ഷഫീർ, ഷാൻ മുഹമ്മദ്.