ശ്രീകണ്ഠപുരം(കണ്ണൂർ): കാഞ്ഞിരക്കൊല്ലിയിൽ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കവർന്ന കേസിൽ ഒരാൾ ഒരാൾ അറസ്റ്റിൽ. പടിയൂർ മാങ്കുഴിയിലെ സി.എൻ. ജയേഷി (30) നെയാണ് പയ്യാവൂർ എസ്ഐ ബാബു തോമസും സംഘവും ഇന്നു രാവിലെ അറസ്റ്റ് ചെയ്തത്.
കാഞ്ഞിരക്കൊല്ലിയിലെ ചപ്പിലി ലക്ഷ്മണന്റെ വീട്ടിലാണ് മോഷണം നടന്നത്. എൽഇഡി ടിവി, ഇസ്തിരിപ്പെട്ടി, സ്റ്റെബിലൈസർ എന്നിവയാണ് കവർന്നത്. അബ്കാരി കേസിൽ അറസ്റ്റിലായി കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ലക്ഷ്മണൻ വീട്ടിൽ തനിച്ചായിരുന്നു താമസം. കഴിഞ്ഞ ദിവസം മകൾ ജയിലെത്തിയപ്പോൾ വീട് ശുചികരിക്കണമെന്നാവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ജയേഷിനെ പ്രദേശത്ത് കണ്ടതായി സമീപവാസികൾ നൽകിയ സൂചനയെത്തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണം നടത്തിയ സാധനങ്ങൾ പടിയൂർ മാങ്കുഴിയിലെ ഇയാളുടെ വീടിന് സമീപത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.
പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും. എഎസ്ഐ മാരായ കെ.കെ. രാധാകൃഷ്ണൻ, പ്രകാശൻ, സിവിൽ പോലീസ് ഓഫീസർമാരായ ജയരാജൻ, സിദ്ദാർഥൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.