നിയാസ് മുസ്തഫ
കോട്ടയം: വനിതാ മതിലിനു സർക്കാർ ഫണ്ട് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് കെഎൻഎ ഖാദർ എംഎൽഎ രാഷ്ട്രദീപികയോട് പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കപ്പെടാനാണ് മതിലെന്നാണ് ആദ്യം സർക്കാർ പറഞ്ഞത്. ഇപ്പോൾ പറയുന്നത് സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയാണെന്ന്.
നവോത്ഥാനവും സ്ത്രീ ശാക്തീകരണവും രണ്ടു വിഷയമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി, ആരോഗ്യം, സുരക്ഷ, ഭവനം തുടങ്ങി പല വിഷയങ്ങളും സ്ത്രീ ശാക്തീകരണത്തിൽ വരും. സ്ത്രീയെ ശാക്തീകരിക്കാൻ വേണ്ടി മതിലിന്റെ ആവശ്യമില്ല. മൂന്നോ നാലോ മിനിട്ട് റോഡിൽ നിര നിരയായി ചേർന്നു നിന്നാൽ എങ്ങനെ സ്ത്രീ ശാക്തീകരണം ഉണ്ടാവും. ഇതൊരു ക്രിയേറ്റീവ് ആക്ടിവിറ്റിയല്ല.-കെഎൻഎ ഖാദർ പറഞ്ഞു.
മതിലിനുവേണ്ടി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണ്. ഭരണാധികാരികൾ പറയുന്നത് സർക്കാർ ഉദ്യോഗസ്ഥർക്ക് കേൾക്കേണ്ടി വരും. വിവിധ വകുപ്പുകളെ മതിലിനുവേണ്ടി സർക്കാർ ഉപയോഗിക്കുകയാണ്. എത്ര സന്പന്നമായ സർക്കാരാണെങ്കിലും വനിതാ മതിലുപോലുള്ള കാര്യങ്ങൾക്ക് സർക്കാർ ഫണ്ട് ഉപയോഗിക്കരുത്. ഇത് ചെറിയൊരു വിഭാഗത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്.
ഒരു പാർട്ടിയുടെ അല്ലെങ്കിൽ ഒരു മുന്നണിയുടെ പരിപാടി എന്നു മാത്രമേ ഇതിനെ കാണാൻ കഴിയൂ. സർക്കാരിന്റെ ലക്ഷ്യം നവോത്ഥാനമായിരുന്നുവെങ്കിൽ എല്ലാ വിഭാഗം ആളുകളെയും ഒന്നിപ്പിച്ച് അണിനിരത്തണമായിരുന്നു. അതുണ്ടായിട്ടില്ല. പ്രളയം പോലുള്ള വലിയൊരു പ്രശ്നത്തിന്റെ ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്പോൾ ഇത്തരം കാര്യങ്ങൾക്ക് സർക്കാർ ഫണ്ട് വകമാറ്റരുത്-കെഎൻഎ ഖാദർ പറഞ്ഞു.
അതേസമയം, വനിതാമതിലിനായി തുക ചെലവാക്കുന്നതു തടയണമെന്ന വാദം ഹൈക്കോടതി പരിഗണിക്കാഞ്ഞത് സർക്കാരിന് ആശ്വാസം നൽകുന്നുണ്ട്. വനിതാമതിൽ നടപ്പാക്കാൻ സർക്കാർ ഫണ്ട് വിനിയോഗിക്കുന്നത് ചോദ്യംചെയ്തു വിവരാവകാശ പ്രവർത്തകനായ ഡി.ബി. ബിനുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.