ചവറ: വീടിന് തീപിടിച്ച് അമ്മയ്ക്കും മകനും പൊള്ളലേറ്റു. നീണ്ടകര ദളവാപുരം പുത്തൻതുരുത്ത് അനിൽഭവനിൽ മത്സ്യതൊഴിലാളി ലീല (58) മകൻ അനിൽ അലക്സാണ്ടർ (38) എന്നിവർക്കാണ് പരിക്ക്. ഇവരെ നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
തീപിടുത്തത്തെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പരിസരത്ത് താമസിക്കുന്ന ലീലയുടെ മകളുടെ വീടിന്റെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചു. സമീപവാസികളായ ജോസ്, ക്ലീറ്റസ് എന്നിവരുടെ വീടുകൾക്കും കേടുപാട് സംഭവിച്ചു.
ലീല മത്സ്യവ്യാപാരത്തിനായി കരുതിയിരുന്ന 65000 രൂപ, ക്ഷേമനിധി കാർഡ്, എടിഎം കാർഡ് എന്നിവയും അഗ്നിക്കിരയായി. പരിസരവാസികൾ തീകെടുത്താൻശ്രമിച്ചെങ്കിലും നടന്നില്ല. ചവറയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീകെടുത്തിയത്. ഷോർട്ട് സർക്യൂട്ടാവാം തീപിടിത്തത്തിനു കാരണം.