കണ്ണൂർ: കണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയേയും കെട്ടിയിട്ട് കവർച്ച നടത്തിയ അഞ്ചംഗസംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കവർച്ചാ സംഘത്തിലെ പ്രധാനിയായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹിലാൽ ബുയ്യ ആണ് അറസ്റ്റിലായത്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ, ഭാര്യ സരിത കുമാരി എന്നിരെ കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വീട്ടിൽ വച്ച് ക്രൂരമായി ആക്രമിച്ച് കെട്ടിയിട്ട് പണവും സ്വർണവും കവർന്ന സംഘത്തിലെ പ്രതിയാണ് മുഹമ്മദ് ഹിലാൽ ബുയ്യ.സെപ്റ്റംബർ ആറിന് പുലർച്ചെ 2.15 നായിരുന്നു കവർച്ച നടന്നത്. മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം വിനോദ് ചന്ദ്രനെയും ഭാര്യയെയും ക്രൂരമായി മർദിച്ചു കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്.
കണ്ണൂരിലെ കൊള്ളയിൽ പങ്കെടുക്കാത്തതും എന്നാൽ കണ്ണൂരിൽ കവർച്ചനടത്തിയ സംഘവുമായി ബന്ധമുള്ളതുമായ ഒരാൾ നൽകിയ വിവരമനുസരിച്ചാണ് സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐമാരായ രാജീവൻ, ദിനേശൻ, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിലെത്തിയത്.
കണ്ണൂരിൽനിന്ന് പോലീസ് സംഘം എത്തിയതായി സംശയമുണ്ടായതിനെതുടർന്ന് ഹൗറയിലേക്കു പോകാൻ ശ്രമിക്കുന്പോഴാണ് ഹിലാൽ ഡൽഹി പഴയ റെയിൽവേ സ്റ്റേഷഷനിൽ വച്ച് കസ്റ്റഡിയിലായത്. ഡൽഹി പോലീസിന്റെയും ഡൽഹിയിലെ ഏതാനും മലയാളികളുടെയും സഹകരണത്തോടെയാണ് അറസ്റ്റ് നടന്നത്.
സംഘത്തിന്റെ നേതാവും മറ്റുള്ളവരും ഇപ്പോഴും ബംഗ്ലാദേശിലാണുള്ളതെന്ന് ഹിലാൽ പോലീസിനോടു പറഞ്ഞതായാണ് വിവരം. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഡൽഹിയിൽ വച്ച് അറസ്റ്റു ചെയ്യുകയും സംഭവത്തിൽ പങ്കാളിയല്ലെന്നുകണ്ട് വിടുകയും ചെയ്തയാളാണ് വിവരങ്ങൾ നൽകിയത്. കണ്ണൂരിലെ കവർച്ചയ്ക്കുശേഷം ബംഗ്ലാദേശിലേക്ക് കടന്ന സംഘത്തെകുറിച്ച് വിവരം നൽകാൻ പോലീസ് ഇയാളെ രഹസ്യമായി നിയോഗിക്കുകയായിരുന്നു.