സ്വന്തം ലേഖകന്‍
കോഴിക്കോട് : രാഷ്ട്രീയപാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാനും വാഹനങ്ങള്‍ നിരത്തിലിറക്കാനും തീരുമാനിക്കുമ്പോഴും അതു നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുകള്‍ ഏറെ.ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകള്‍ അടച്ചില്ലെങ്കില്‍ ഇവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലീസിന് കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഹര്‍ത്താലിനിടെ ഭൂരിഭാഗം തിയറ്ററുകളും മോഹന്‍ലാല്‍ ചിത്രം ഒടിയന് പ്രദര്‍ശിപ്പിക്കാന്‍ തയാറായിരുന്നു. എന്നാല്‍ പോലീസ് സുരക്ഷ ഒരുക്കാന്‍ തയാറായില്ല. സ്വന്തം ‘റിസ്കില്‍’ പ്രദര്‍ശനം നടത്താനായിരുന്നു നിയമപാലകരുടെ നിര്‍ദേശം. ഈ സാഹചര്യത്തിലാണ് മിക്കതിയറ്ററുകളിലും രാവിലെ ആറിനുമുന്പും വൈകുന്നേരം ആറിന് ശേഷവും പ്രദര്‍ശനം നടത്തേണ്ടിവന്നത്.
അക്രമമുണ്ടായാല്‍ അക്രമികള്‍ക്കെതിരേ കേസെടുക്കാന്‍ പോലീസിന് കഴിയും. എന്നാല്‍ നഷ്ടം സംഭവിക്കുന്ന കടകള്‍ക്കും തിയറ്റുകള്‍ക്കും വാഹനങ്ങള്‍ക്കും ആരുസമാധാനം പറയും എന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം ഇവരെല്ലാം തന്നെ വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ പൂര്‍ണമായും ഹര്‍ത്താല്‍ വിരുദ്ധഭാഗത്ത് എത്രപേര്‍ നില്ക്കും എന്ന കാര്യവും കണ്ടറിയണം.
ബന്തുകളും ഹര്‍ത്താലുകളും നിരുത്സാഹപ്പെടുത്താനും ഹര്‍ത്താലുകളെ പ്രതിരോധിക്കാനുമായി ഇന്നലെ കാഴിക്കോട് ചേര്‍ന്ന വാണിജ്യവ്യവസായ മേഖലയിലെ 36 സംഘടനകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഹര്‍ത്താല്‍ ദിനത്തില്‍ എല്ലാ സ്വകാര്യബസുകളും സര്‍വീസ് നടത്താനും ലോറികളും നിരത്തിലിറക്കാനും ബന്ധപ്പെട്ടവര്‍ തീരുമാനിച്ചിട്ടുണ്ട്.അതേസമയം വ്യാപാരികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി കടകള്‍ അടച്ചിട്ടുള്ള സമരം തുടരുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു.
അതേസമയം ഹര്‍ത്താല്‍ വിരുദ്ധകൂട്ടായ്മയുടെ യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി(ഹസ്സന് കോയ വിഭാഗം)യെ ഉള്‍പ്പെടുത്തിയില്ലെന്നും യോഗത്തിന് വിളിച്ചില്ലെന്നും ഇതിനകം ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ഇവരുടെ നിലപാടും നിര്‍ണായകമാകും. ഹര്‍ത്താല്‍ ദിനത്തിലും തിയറ്റര്‍ തുറക്കാന്‍ തിയറ്റര്‍ ഓണേഴ്സ് അസോസിയേഷനും തീരുമാനിക്കുമെന്നാണ് അറിയുന്നത്. അപ്പോഴും സുരക്ഷ ഒരു മുഖ്യപ്രശ്നമായി തന്നെനിലനില്ക്കുന്നു.
ഹര്‍ത്താല്‍ വിരുദ്ധകൂട്ടായ്മയുടെ യോഗത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാക്കളേയും അറിയിക്കാനും അവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂട്ടായ്മയില്‍ പങ്കെടുത്ത ഓരോ സംഘടനയിലുമുള്ള ഒരാളെ ഉള്‍പ്പെടുത്തി ടി.നസറുദ്ദീന്‍ അധ്യക്ഷനായ കമ്മിറ്റിയാണ് രൂപീകരിക്കുന്നത്.
ഇതിനു പുറമേ കൂട്ടായ്മയില്‍ പങ്കെടുത്ത സംഘടനകളുടെ മേല്‍നോട്ടത്തില്‍ എല്ലാ ജില്ലകളിലും ജനുവരി ഒന്നുമുതല്‍ കണ്വന്ഷന് സംഘടിപ്പിക്കും. രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും എല്ലാവിഭാഗം ജനങ്ങളേയും സംഘടനകളേയും കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കും. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചാലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും മറ്റും കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.