വനം കൊള്ളക്കാരനു ശിക്ഷ വാൾട്ട് ഡിസ്നിയുടെ ആനിമേഷൻ ചിത്രം കാണൽ. മിസൂറിയിൽ അറസ്റ്റിലായ ഡേവിഡ് ബെറി ജൂണിയറിന് ഒരു വർഷം തടവുശിക്ഷ വിധിച്ചതിനു പുറമേ, ‘ബാംബി’ എന്ന ചിത്രം മാസത്തിലൊരിക്കലെങ്കിലും കാണാനാണ് കോടതി ഉത്തരവിട്ടത്.
കദന കഥകളിൽ ലോക സിനിമാചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നാണിത്. ബാംബി എന്ന മാൻകുട്ടിയുടെ തള്ളയെ വേട്ടക്കാരൻ വധിക്കുന്നതാണ് ചിത്രത്തിന്റെ കഥ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നൂറുകണക്കിനു മാനുകളെ വേട്ടയാടി കൊന്നതിനാണ് ഡേവിഡും രണ്ടു കുടുംബാംഗങ്ങളും അറസ്റ്റിലായത്.
സ്റ്റഫ് ചെയ്യാനായി തല എടുത്തശേഷം ശരീരം ഉപേക്ഷിക്കലായിരുന്നു പതിവ്. ഡേവിഡ് ജയിലിൽ സിനിമ കാണുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്താനും കോടതി നിർദേശിച്ചിട്ടുണ്ട്.
1942 ഓഗസ്റ്റിലാണ് ബാംബി റിലീസ് ചെയ്തത്. വേട്ടക്കാരുടെ വെടിയേറ്റു കിടക്കുന്ന അമ്മയുടെ അടുത്തിരിക്കുന്ന ബാംബിയുടെ രംഗം പ്രേക്ഷകരുടെ ഹൃദയത്തിൽ പതിഞ്ഞു. ലോകസിനിമയിലെ ശ്രദ്ധേയ രംഗങ്ങളിലൊന്നായും ഇതു മാറി. ടൈം വാരിക തയാറാക്കിയ 25 ഹൊറർ ചിത്രങ്ങളുടെ പട്ടികയിലും ബാംബി ഇടംപിടിച്ചിരുന്നു.