അമ്മ കാറിൽ ഉപേക്ഷിച്ചുപോയ കുഞ്ഞുങ്ങൾ ചൂട് താങ്ങാനാവാതെ മരിച്ച സംഭവത്തിൽ കുറ്റക്കാരിയായ യുവതിയെ 40 വർഷം തടവിനു ശിക്ഷിച്ചു. അമാൻഡ ഹോക്കിൻസിനെയാണ് കോടതി ശിക്ഷിച്ചത്. 20 വർഷം വീതമുള്ള നാലു സെറ്റ് ശിക്ഷകളാണ് വിധിച്ചത്. ഇതിൽ രണ്ടു സെറ്റ് ജയിൽശിക്ഷ ഒരേസമയം അനുഭവിച്ചാൽ മതിയാകും.
അമേരിക്കയിലെ ടെക്സസിലുള്ള കെറി കൗണ്ടിയിൽ കഴിഞ്ഞ വർഷം ജൂണ്‍ ഏഴിനാണ് ദാരുണമായ സംഭവം നടന്നത്. കുഞ്ഞുങ്ങളെ കാറിൽ ഇരുത്തിയ ശേഷം അമാൻഡ പാർട്ടിക്കു പോവുകയായിരുന്നു. പിറ്റേ ദിവസം അമാൻഡ തിരിച്ചെത്തിയപ്പോൾ മക്കളായ ഒരു വയസുകാരൻ ബ്രിൻ ഹോക്കിൻസ്, രണ്ടു വയസുകാരൻ ആഡിസണ്‍ ഓവർഗാഡ്-എഡ്ഡി എന്നിവർ അബോധാവസ്ഥയിലായിരുന്നു. 33 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു കാറിനുള്ളിലെ ചൂട്.
എന്നാൽ, തനിക്ക് പഴി കേൾക്കേണ്ടി വരുമോ എന്ന ഭയത്താൽ കുട്ടികളെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ അമാൻഡ തയ്യാറായില്ല. പിന്നീട് കുട്ടികളെ ഡോക്ടറുടെ അടുത്തു ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാർട്ടിക്കിടെ, കാറിൽനിന്നു കുട്ടികൾ കരയുന്നതു കേട്ട്, കുട്ടികളെ പാർട്ടി നടക്കുന്ന വീടിനുള്ളിലേക്കു വിളിക്കാൻ അതിഥികളിൽ ഒരാൾ അമാൻഡയോടു പറഞ്ഞിരുന്നെങ്കിലും, കുട്ടികൾ കരഞ്ഞ് ഉറങ്ങിക്കൊള്ളുമെന്നായിരുന്നു യുവതിയുടെ മറുപടി.
പൂക്കൾ മണത്തശേഷം കുട്ടികൾ ബോധരഹിതരായി എന്നാണ് അമാൻഡ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ കുട്ടികളെ കാറിൽ പൂട്ടിയിട്ട കാര്യം സമ്മതിക്കുകയായിരുന്നു. കുഞ്ഞുങ്ങളെ 15 മണിക്കൂറിലധികം കാറിൽ പൂട്ടിയിട്ടതായാണ് അവർ പോലീസിനോടു പറഞ്ഞത്.