ചെന്നൈ: രാഷ്ട്രീയ പ്രവേശത്തിനു പിന്നാലെ സൂപ്പർ സ്റ്റാർ രജനികാന്ത് ടെലിവിഷൻ ചാനലും ആരംഭിക്കുന്നു. ഉടൻ തന്നെ രജനിയുടെ ഉടമസ്ഥതയിലുള്ള ടിവി ചാനൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. രജനികാന്തിന്റെ പാർട്ടിയായ രജനി മക്കൾ മൺട്രത്തിന്റെ കൺവീനർ വി.എം. സുധാകരൻ ടിവി ചാനൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയതായാണ് അറിയുന്നത്.
സൂപ്പർസ്റ്റാർ ടിവി, രജനി ടിവി, തലൈവർ ടിവി എന്നീ പേരുകളാണ് രജിസ്ട്രേഷനായി സുധാകരൻ സമർപ്പിച്ചിരിക്കുന്നത്. ചാനലിന്റെ ട്രേഡ്മാർക്കിനായി നവംബർ ഒമ്പതിന് വാണിജ്യമന്ത്രാലയത്തിനു സുധാകരൻ അപേക്ഷ സമർപ്പിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു സ്റ്റൈൽ മന്നന്റെ രാഷ്ട്രീയ പ്രവേശം.