സെബി മാത്യു
ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയും മൗലികാവകാശവും കവർന്നെടുക്കാൻ ലക്ഷ്യമിട്ട് സൈബർ മേഖലയിലേക്കും കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റം. ഇതിന്റെ ഭാഗമായി ഏതൊരാളുടെയും സ്വകാര്യ കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഏത് ഇലക്ട്രോണിക് സംവിധാനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ രാജ്യത്തെ പത്ത് അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. വിവരങ്ങൾ വിട്ടു കൊടുക്കാൻ വിസമ്മതിക്കുന്നവർക്ക് ഏഴു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്. ഇന്റർനെറ്റ്-മൊബൈൽ സേവന ദാതാക്കൾ, കംപ്യൂട്ടർ ഉപയോക്താക്കൾ എന്നിവർ അന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ വെളിപ്പെടുത്തണം.
ഉത്തരവ് അനുസരിച്ച് കംപ്യൂട്ടറിൽ രൂപപ്പെടുത്തിയതോ ലഭിച്ചതോ ശേഖരിച്ചു വച്ചിരിക്കുന്നതോ ആയ വിവരങ്ങളെല്ലാം തന്നെ പിടിച്ചെടുക്കാനോ നിരീക്ഷിക്കാനോ രഹസ്യഭാഷയിലാക്കി വച്ചിരിക്കുന്ന (എൻക്രിപ്റ്റ് ചെയ്തിരിക്കുന്ന) വിവരങ്ങൾ ഡീക്രിപ്റ്റ് ചെയ്തെടുക്കാനോ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് അധികാരം ലഭിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സൈബർ ആന്ഡ് ഇൻഫർമേഷൻ വിംഗ് ഇറക്കിയ ഉത്തരവിൽ ഒപ്പുവച്ചിരിക്കുന്നത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആർ.കെ ഗൗബയാണ്.
അന്വേഷണ ഏജൻസികൾക്കു വിവരങ്ങൾ നൽകാതിരുന്നാൽ വ്യക്തിക്കും സേവന ദാതാക്കൾക്കും ഏഴു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും. 2000 ത്തിലെ ഇൻഫർമേഷൻ ടെക്നോളജി നിയമം 69(1) വകുപ്പിന്റെ അടിസ്ഥാനത്തിൽ ആണ് ഉത്തരവ്. രാജ്യരക്ഷ, രാജ്യത്തിന്റെ അഖണ്ഡത, ആഭ്യന്തരസുരക്ഷ, നയതന്ത്രബന്ധം, ക്രമസമാധാനം എന്നിവയ്ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ വിവരങ്ങൾ പരിശോധിക്കാം എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണിത്.
ഇതാദ്യമായാണ് അന്വേഷണ ഏജൻസികൾക്ക് കംപ്യൂട്ടർ വിവരങ്ങളിൽ കടന്നു കയറാൻ അധികാരം ലഭിക്കുന്നത്. മുൻപ് കൈമാറ്റം ചെയ്യപ്പെട്ട വിവരങ്ങൾ മാത്രം പരിശോധിക്കാനേ കഴിഞ്ഞിരുന്നുള്ളു. എന്നാൽ, പുതിയ ഉത്തരവിറങ്ങിയതോടെ കംപ്യൂട്ടറുകളിൽ രൂപപ്പെടുത്തിയെടുത്തതും ശേഖരിച്ചു വച്ചിരിക്കുന്നതുമായ വിവരങ്ങൾ അന്വേഷണ ഏജൻസികളുടെ കൈകളിലെത്തും. കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും അന്വേഷണ സംഘങ്ങൾക്കു പിടിച്ചെടുക്കാൻ കഴിയും. മുന്പ് കേന്ദ്ര ഏജൻസികൾക്ക് ഇത്തരം വിവരങ്ങൾ ശേഖരിക്കൽസംസ്ഥാന പോലീസിന്റെ സഹകരണത്തോടെ അല്ലാതെ സാധ്യമല്ലായിരുന്നു. പുതിയ ഉത്തരവ് വന്നതോടെ ആ തടസവും നീങ്ങി.
വിവരം ചോർത്താൻ അധികാരം ലഭിച്ച ഏജൻസികൾ
• ഇന്റലിജൻസ് ബ്യൂറോ
• നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ
• എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
• സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്
•ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്
• സിബിഐ
• എൻഐഎ
• കാബിനറ്റ് സെക്രട്ടേറിയറ്റ് (റോ)
• ഡൽഹി പോലീസ് കമ്മീഷണർ
• ജമ്മു കാഷ്മീർ, ആസാം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ്.
മോദിക്ക് വല്യേട്ടൻവ്യാധി: കോൺഗ്രസ്
സർക്കാർ ഉത്തരവിന് പിന്നാലെ രൂക്ഷ വിമർശനം ഉയർത്തി പ്രതിപക്ഷ കക്ഷികൾ. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധവും ജനാധിപത്യത്തിനു നിരക്കാത്തതും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നു കോണ്ഗ്രസ് കുറ്റപ്പെടുത്തി. മോദിക്ക് വല്യേട്ടൻ വ്യാധിയാണെന്നും അവർ ആരോപിച്ചു.
ബിജെപി ഇന്ത്യയെ ഒരു പോലീസ് രാജ്യമാക്കി മാറ്റുകയാണെന്നു കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു. കോണ്ഗ്രസിനെ പിന്തുണച്ച് സമാജ് വാദി പാർട്ടി, ആം ആദ്മി പാർട്ടി, ആർജെഡി, തൃണമൂൽ കോണ്ഗ്രസ് എന്നീ കക്ഷികളും രംഗത്തെത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി ഇതിനെ എതിർക്കുമെന്നും ശർമ പറഞ്ഞു. എന്തു കൊണ്ടാണ് എല്ലാ ഇന്ത്യക്കാരെയും ക്രിമിനലുകൾ എന്ന പോലെ സർക്കാർ സമീപിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. ലോക്സഭയിൽ ശൂന്യവേളയിൽ എൻ.കെ പ്രേമചന്ദ്രൻ ഇന്നലെ വിഷയം ഉന്നയിച്ചു. രാജ്യസഭയിൽ ആനന്ദ് ശർമയും വിഷയം ഉന്നയിച്ചു. അപകടകരം എന്നാണ് മമത ബാനർജി പ്രതികരിച്ചത്.
വിവരങ്ങൾക്കു മീതെ നിരീക്ഷണം എന്നത് യുപിഎ സർക്കാർ കൊണ്ടു വന്നതാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. രാജ്യ സുരക്ഷയെ കരുതിയാണ് നിരീക്ഷണം ഏർപ്പെടുത്തുന്നതെന്നും നിയമം 2009ൽ യുപിഎ സർക്കാർ കൊണ്ടു വന്നതാണെന്നും കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്ലിപാർലമെന്റിൽ പറഞ്ഞു. ആ നിയമത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ഉത്തരവിറക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും ജയ്റ്റ്ലി വിശദീകരിച്ചു.
ആരുടെയൊക്കെ കംപ്യൂട്ടറുകൾ ചോർത്തും?
ഐടി നിയമത്തിന്റെ ബലത്തിൽ വിവരങ്ങൾ ശേഖരിക്കാനോ ചോർത്താനോ വിവിധ ഏജൻസികളെ അധികാരപ്പെടുത്തുന്ന ഉത്തരവ് ലക്ഷ്യംവയ്ക്കുന്നത് വ്യക്തികളേക്കാൾ ഡിജിറ്റൽ സേവനദാതാക്കളെയാണ്. അതുവഴി എല്ലാ വ്യക്തികളുടെയും ഡിജിറ്റൽ പ്രവർത്തനങ്ങൾ സർക്കാരിന്റെ കൈവശമെത്തും.
ഇന്റർനെറ്റ് സേവനദാതാക്കൾ, മൊബൈൽ സേവനദാതാക്കൾ, സമൂഹമാധ്യമങ്ങളുടെ നടത്തിപ്പുകാർ, വെബ്സൈറ്റുകളുടെ നടത്തിപ്പുകാർ തുടങ്ങിയവരൊക്കെയാണ് ഈ നിയമപ്രകാരം തങ്ങളുടെ കംപ്യൂട്ടറുകളിലെ ഡാറ്റ അന്വേഷണ ഏജൻസികൾക്കു നല്കേണ്ടത്.
ഫേസ്ബുക്കിലെ ചാറ്റിംഗും വാട്സ് ആപ്പിലെ വിവര കൈമാറ്റവും ഫോൺ സംഭാഷണങ്ങളും എല്ലാം ഇനി ഏതു സർക്കാർ ഏജൻസിക്കും പരിശോധിക്കാം. നിശ്ചിത കാലത്തേക്കു വിവരങ്ങൾ സെർവറിൽ സൂക്ഷിക്കാൻ ഇത്തരം സേവനദാതാക്കൾക്കു ബാധ്യതയുണ്ട്. വിവിധ ധനകാര്യ സേവനങ്ങൾ നല്കുന്ന കന്പനികൾ (പേടിഎം പോലുള്ളവ), ഓൺലൈൻ വ്യാപാരം നടത്തുന്ന കന്പനികൾ (ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവ), ഓൺലൈൻ ട്യൂഷൻ നല്കുന്നവർ തുടങ്ങിയവരും വിവരം നല്കാൻ നിർബന്ധിതരാകും.
അനുവദിക്കേണ്ടത് ആഭ്യന്തര സെക്രട്ടറി
കംപ്യൂട്ടറുകളിലെ വിവരങ്ങൾ ശേഖരിക്കുകയോ ചോർത്തുകയോ ചെയ്യാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെയോ സംസ്ഥാന സർക്കാരിന്റെയോ അനുമതി വേണമെന്നാണു നിയമമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ടെലിഗ്രാഫ് നിയമത്തിലും ഐടി നിയമത്തിലും വിവരം ചോർത്തലിന് ആരെയെങ്കിലും അധികാരപ്പെടുത്താൻ ആഭ്യന്തര സെക്രട്ടറിമാർക്കേ അധികാരമുള്ളൂ. ഓരോ കേസിലും പ്രത്യേകം അനുവാദം നേടിയിരിക്കണം.
ഫോൺ ചോർത്തലിന് ഇപ്രകാരം അധികാരം നല്കുന്ന ഉത്തരവ് മുന്പേ ഇറങ്ങിയിട്ടുണ്ട്. വിവരം ശേഖരിക്കാനും ഫോൺ ചോർത്താനും നല്കുന്ന അനുമതി സംബന്ധിച്ചു കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ഒരു കമ്മിറ്റി വിശകലനം നടത്തേണ്ടതാണ്. ഈ റിവ്യു കമ്മിറ്റി രണ്ടു മാസത്തിൽ ഒരിക്കൽ സമ്മേളിക്കണം. സംസ്ഥാനങ്ങളിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണു റിവ്യു കമ്മിറ്റി.