പാലക്കാട്: പോലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ചശേഷം കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട യുവാവ് പിടിയിൽ. പൊന്നാനി സ്വദേശി തഫ്സീർ ദർവേഷിനെ തൃത്താല പോലീസാണ് അറസ്റ്റ് ചെയ്തത്.
എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഈ മാസം അഞ്ചിനു പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പുലർച്ചെ പ്രാഥമികാവശ്യം നിറവേറ്റണമെന്നു പറഞ്ഞ കൂട്ടുപ്രതി മുഹമ്മദ് അസ്ലമിനെ പുറത്തുകൊണ്ടുപോയി തിരികെ കൊണ്ടുവരുന്പോൾ തഫ്സീർ, ഡിസ്പോസബിൾ ഗ്ലാസിൽ കരുതിയിരുന്ന കറി പാറാവുകാരനായ പോലീസുകാരന്റെ കണ്ണിലേക്ക് ഒഴിക്കുകയും ഇരു പ്രതികളും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.
കൂട്ടുപ്രതി മലപ്പുറം സ്വദേശി മുഹമ്മസ് അസ്ലം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ പോലീസ് കീഴടക്കി. സ്റ്റേഷനിലെ മറ്റ് പോലീസുകാർ ചേർന്ന് കീഴടക്കാൻ ശ്രമിച്ചെങ്കിലും തഫ്സീർ രക്ഷപ്പെട്ടു. എറണാകുളം ബ്രോഡ്വേയിലും മാർക്കറ്റ് പരിസരത്തും മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളാണ് ഇവർ. രാത്രി നൽകിയ ഭക്ഷണത്തോടൊപ്പമുണ്ടായിരുന്ന കറി കളയാതെ സൂക്ഷിച്ചാണ് ഇവർ ആക്രമണം നടത്തിയത്.