സിഖ് വിരുദ്ധ കലാപം നിയന്ത്രിക്കാന്‍ പരാജയപ്പെട്ടതിനാല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്ന പുരസ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ആം ആദ്മിപാര്‍ട്ടിയില്‍ കലാപത്തിനു വഴിമരുന്നിട്ടു. ഡല്‍ഹി അസംബ്ലിയില്‍ പ്രമേയത്തെ അനുകൂലിക്കാതിരുന്ന വനിതാ എംഎല്‍എ അല്‍ക്ക ലാംബയോട് മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കേജരിവാള്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചയാണ് രാജീവ് ഗാന്ധിയുടെ ഭാരത രത്ന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അസംബ്ലിയില്‍ പ്രമേയം പാസാക്കിയത്. പ്രമേയത്തെ അനുകൂലിക്കാന്‍ പാര്‍ട്ടി സമ്മര്‍ദം ചലുത്തിയെന്നും എന്നാല്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയുമായിരുന്നെന്ന് ചൗന്ദ്നി ചൗക്ക് എംഎല്‍എ അല്‍ക്ക പറഞ്ഞു. ഇക്കാര്യത്തില്‍ എന്ത് പ്രത്യാഘാതവും സ്വീകരിക്കാന്‍ തയാറാണ്. കേജരിവാളുമായും താന്‍ സംസാരിച്ചു. രാജിവയ്ക്കാന്‍ തയാറാണെന്നും അല്‍ക്ക പറഞ്ഞു.
രാജീവ് ഗാന്ധിയുടെ ഭാരത രത്ന തിരിച്ചെടുക്കണമെന്ന ആവശ്യത്തോട് യോജിക്കുന്നില്ല. അതിനാല്‍ താന്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുകയുമായിരുന്നു. വാക്കൗട്ട് നടത്തി പുറത്തിറങ്ങിയതിനു പിന്നാലെ തന്റെ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ സന്ദേശം എത്തി. താന്‍ പാര്‍ട്ടി ടിക്കറ്റിലാണ് മത്സരിച്ച് ജയിച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി നല്‍കുമെന്നും അല്‍ക്ക അറിയിച്ചു.
രാജീവ് ഗാന്ധിയുടെ ഭാരത രത്ന തിരിച്ചെടുക്കണമെന്നുമുള്ള പ്രമേയത്തെ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അംഗീകരിച്ചില്ല. പ്രതിഷേധിച്ച് വാക്കൗട്ട് നടത്തി. ഇതുമായി ബന്ധപ്പെട്ട് എന്ത് ശിക്ഷാനടപടികളും സ്വീകരിക്കാന്‍ തയാറാണ്- യൂത്ത് കോണ്‍ഗ്രസ് മുന്‍നേതാവു കൂടിയായിരുന്ന അല്‍ക്ക ട്വീറ്റ് ചെയ്തു.
സംഭവം വിവാദമായതോടെ രാജീവ് ഗാന്ധിയുടെ ഭാരത രത്ന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നില്ല പ്രമേയമെന്ന വിശദീകരണവുമായി എഎപി രംഗത്തുവന്നിട്ടുണ്ട്. സഭയില്‍ വച്ച യഥാര്‍ഥ പ്രമേയത്തില്‍ രാജീവ് ഗാന്ധിയുടെ പേരില്ലായിരുന്നെന്നും പിന്നീട് എംഎല്‍എ സോമനാഥ് ഭാരതി നല്കിയ എഴുത്ത് മറ്റൊരു എംഎല്‍എയായ ജര്ണെയ്ല് സിംഗ് ഭേദഗതിയായി വായിക്കുകയായിരുന്നുവെന്നുമാണ് എഎപി നല്കുന്ന വിശദീകരണം.
ഡല്‍ഹി നിയമസഭ പാസാക്കിയ പ്രമേയത്തില്‍ സിഖ് വിരുദ്ധ കലാപത്തെ വംശഹത്യയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട മറ്റു കേസുകളില്‍ക്കൂടി വിചാരണ വളരെവേഗം തീര്‍പ്പാക്കണമെന്നു പ്രമേയം ആവശ്യപ്പെട്ടു. അംഗങ്ങള്‍ക്കു മുന്‍കൂട്ടി വിതരണം ചെയ്ത ഈ പ്രമയത്തിനൊപ്പമാണ് രാജീവ് ഗാന്ധിക്കു നല്കിയ പുരസ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന ഭാഗം കൂടി പിന്നീടു വായിച്ചു ചേര്‍ത്തത്. ശബ്ദവോട്ടോടെ സംസ്ഥാന നിയമസഭയില്‍ പ്രമേയം പാസാക്കുകയും ചെയ്തു.
രാജീവ് ഗാന്ധിയെക്കുറിച്ചുള്ള വരികള്‍ സഭയില്‍ വച്ച യഥാര്‍ഥ പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് അറിയിച്ചു. പ്രമേയം പരിഗണനയ്ക്കെടുത്തപ്പോള്‍ ഒരംഗം എഴുതിനല്‍കിയ ഭേദഗതിയാണതിന്നു ഭരദ്വാജ് പറഞ്ഞു.