കളമശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ എംബിബിഎസ് പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കൂട്ടകോപ്പിയടി. ഇതിനെ തുടർന്ന് അവസാന വർഷ എംബിബിഎസ് മെഡിസിൻ ഇന്റേണൽ പരീക്ഷ റദ്ദാക്കി.
പരീക്ഷക്കിരുന്ന 92 വിദ്യാർഥികളിൽ 34 പേരിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയത്. മൊബൈൽ ഫോണിൽ വിദ്യാർഥികൾ ഉത്തരങ്ങൾ പങ്കിടാൻ വാട്സ് അപ്പ് ഉപയോഗിച്ചോയെന്നും സംശയം ഉയർന്നിട്ടുണ്ട്.
കോപ്പിയടിക്കുന്ന ദൃശ്യങ്ങൾ ഒരു വിദ്യാർഥി ഫോണിൽ പകർത്തി രക്ഷകർത്താവിന് അയച്ചു കൊടുത്തതോടെയാണ് വിവരം പുറത്തറിയുന്നത്. ഇ-മെയിൽ വഴി രക്ഷിതാവ് കോളജിലേക്ക് പരാതി അയച്ചു. ഇതിനെ തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് കൂട്ടകോപ്പിയടി കണ്ടു പിടിക്കുന്നത്.
അതേ സമയം ആരോഗ്യ സർവകലാശാലയുടെ നിർദേശപ്രകാരം പരീക്ഷ നടക്കുന്നിടത്ത് മൊബൈൽ ജാമർ വച്ചിട്ടുണ്ട്. എന്നാൽ ഇത് പ്രവർത്തനരഹിതമാക്കിയാണ് മൊബൈൽ ഉപയോഗിച്ചത്. വിദ്യാർഥികൾക്ക് ഇതിന് ഒത്താശ ചെയ്യുന്ന ജീവനക്കാരുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.
19നു നടന്ന ഇന്റേണൽ പരീക്ഷയിലാണ് മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി നടന്നത്. കൂട്ടക്കോപ്പിയടിയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ മെഡിസിൻ വിഭാഗത്തിലെ ഡോ. ജേക്കബ് കെ. ജേക്കബ്, ഡോ. ജെ ജോസഫ് എന്നിവരെ പ്രിൻസിപ്പൽ ചുമതലപ്പെടുത്തിയിട്ടുണ്ട്.