ഇരിട്ടി(കണ്ണൂർ): ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും തേനീച്ചക്കൂട്ടം ബന്ദിയാക്കി. കാക്കയങ്ങാടാണ് സംഭവം. പേരാവൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ശാഖയുടെ ഷട്ടറിന് മുകളിലാണ് പായ് തേനീച്ച കൂട് കൂട്ടിയത്. ജീവനക്കാരും ഇടപാടുകാരും ബാങ്കിനുള്ളില്‍ കുടുങ്ങുകയും ചെയ്തു.
ഇന്നലെ രാവിലെ ബാങ്ക് തുറക്കുമ്പോള്‍ തന്നെ കുറച്ച് തേനീച്ചകള്‍ ഷട്ടറിനു മുകളില്‍ ഉണ്ടായിരുന്നെങ്കിലും ജീവനക്കാര്‍ അത് അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഉച്ചയ്ക്ക് 12.30 ഓടെ ബാങ്കിലെ ഒരു ജീവനക്കാരന് ബാങ്കില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുറച്ച് കൂടി തേനീച്ചകളെ കണ്ടിരുന്നു. അതേ തുടര്‍ന്ന് തേനീച്ചകള്‍ ബാങ്കിനുള്ളില്‍ കയറേണ്ടെന്നു കരുതി ഇയാള്‍ ഷട്ടര്‍ താഴ്ത്തി താഴെക്കിറങ്ങി.
എന്നാല്‍ തിരിച്ചെത്തിയപ്പോഴെക്കും ഷട്ടറിനു മുകളില്‍ ഭീമന് തേനീച്ചക്കൂടായി മാറിയിരുന്നു. ഷട്ടര്‍ ഉയര്‍ത്താനാകാതെ ജീവനക്കാരും ഇടപാടുകാരും ഉള്‍പ്പെടെയുള്ള അഞ്ചുപേരാണ് ബാങ്കിനുള്ളില്‍ കുടുങ്ങിയത്.സംഭവറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്തെത്തിയത്. മുഴക്കുന്ന് പോലീസും സ്ഥലത്തെത്തി. മണിക്കൂറുകള്‍ക്കൊടുവില്‍ ഷട്ടറിന് താഴെ പുകയിട്ട് തേനീച്ച ഒഴിഞ്ഞ് പോയതിന് ശേഷമാണ് ഷട്ടര്‍ തുറന്ന് ജീവനക്കാരും ഇടപാടുകാരും പുറത്ത് ഇറങ്ങിയത്.