സ്വന്തം ലേഖകൻ
തൃശൂർ: കാലം മാറിയതോടെ സമരവും ഹൈടെക്കാക്കി മാറ്റിയിരിക്കുകയാണ് ഒരു കൂട്ടം അധ്യാപകർ. വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്കിൽ ആവശ്യങ്ങളുമായി അധ്യാപകർ കൂട്ടതമായി എത്തുന്നതോടെ മറുപടി പറയാനാകാതെ മന്ത്രി സി.രവീന്ദ്രനാഥ് വലയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് അധ്യാപകരാണ് തങ്ങളുടെ ആവശ്യങ്ങളുമായി മന്ത്രിയുടെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.
അധ്യാപക നിയമനങ്ങൾ അംഗീകരിക്കാത്ത പ്രശ്നം, ബ്രോക്കണ് സർവീസ് പെൻഷന് പരിഗണിക്കാത്തത്, ഹയർ സെക്കന്ററി ഏകീകരണം, തസ്തിക നിർണയം തുടങ്ങിയ ആവശ്യങ്ങൾക്കായി പലവിധത്തിലും സമരം നടത്തിയിരുന്നു. ഇതെല്ലാം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഒരു നടപടിയുമെടുക്കാത്ത സാഹചര്യം ഉണ്ടായതോടെയാണ് മന്ത്രിയുടെ ഫേസ്ബുക്കിൽ കയറി അധ്യാപകർ കൂട്ടത്തോടെ തങ്ങളുടെ ആവശ്യങ്ങൾക്ക് മറുപടി വേണമെന്ന് ഉന്നയിച്ച് പോസ്റ്റുകളിട്ടിരിക്കുന്നത്.
https://www.facebook.com/prof.c.raveendranath/മന്ത്രിക്ക് പ്രതികരിക്കാനോ, മറുപടി പറയാനോ പോലും ആകാത്ത വിധത്തിലാണ് അധ്യാപകരുടെ കൂട്ട “കടന്നുകയറ്റം’. ഇനി എന്തു ചെയ്യണമെന്നറിയാതെ മൗനത്തിലാണ് മന്ത്രി. തങ്ങളുടെ ന്യായമായ ആവശ്യങ്ങളെക്കുറിച്ച് മന്ത്രി ഇനി അറിയില്ലെന്ന് പറയാതിരിക്കാനാണ് മന്ത്രിയുടെ ഫേസ്ബുക്കിൽ തന്നെ ഇത്തരം പോസ്റ്റുകളിടുന്നതെന്ന്് അധ്യാപകർ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയുമൊക്കെ ഫേസ്ബുക്കിൽ വരുന്ന അഭിപ്രായങ്ങൾക്കും പ്രതികരണങ്ങൾക്കുമൊക്കെ മറുപടി പറയുന്നതും വാർത്തയാകുന്നതുമൊക്കെ കണ്ടാണ് അധ്യാപകർ പുതിയ സമര മുറയ്ക്കൊരുങ്ങിയത്. ഇനിയെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ.
തങ്ങളുടെ ആവശ്യങ്ങൾ അന്യായമാണെങ്കിൽ മന്ത്രിക്ക് ഫേസ്ബുക്കിലൂടെ തന്നെ പ്രതികരിക്കാൻ അവസരമുണ്ട്. അല്ല, ആവശ്യങ്ങൾ ന്യായമാണെങ്കിൽ എന്ത് നടപടിയാണെടുക്കുന്നതെന്ന് അറിയിക്കാനുള്ള മാന്യതയെങ്കിലും മന്ത്രി കാണിക്കണമെന്നാണ് അധ്യാപകരുടെ നിലപാട്. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്് ജനുവരി 21ന് അധ്യാപകരുടെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്താനും തീരുമാനിച്ചിട്ടുണ്ട്.