ഇന്ത്യയില്‍ പലപ്പോഴും തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഘടകങ്ങളിലൊന്ന് വിലക്കയറ്റമാണ്. പ്രത്യേകിച്ച് എണ്ണവില. ഇന്ധനവില കൂടുന്നതിനനുസരിച്ച് മറ്റു അവശ്യസാധനങ്ങള്‍ക്കും വിലകൂടും. രണ്ടാം യുപിഎ സര്‍ക്കാരിനെ വീഴ്ത്തിയതിന് പ്രധാനകാരണം അഴിമതിക്കൊപ്പം വിലവര്‍ധനവായിരുന്നു. ഇപ്പോഴിതാ പൊതുതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എണ്ണവില നിയന്ത്രിക്കാന്‍ രംഗത്തെത്തി.
എണ്ണവിലയും വോട്ടും തമ്മില്‍ വല്ലാത്തൊരു പരസ്പരബന്ധമുണ്ടെന്ന തിരിച്ചറിവില്‍ തന്നെയാണ് സര്‍ക്കാര്‍ നീക്കം. ഖത്തറിനെയാണ് ഇതിനു കൂട്ടുപിടിച്ചിരിക്കുന്നത്. ഖത്തറില്‍ നിന്നും കുറഞ്ഞ വിലയില്‍ ഇന്ധനം വാങ്ങാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്ന സൂചന കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്താണ് ഖത്തറുമായി ചര്‍ച്ചകള്‍ നടത്തിയത്.
എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണവില്ക്കുന്നത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ്. മോദി നോട്ടമിട്ടിരിക്കുന്നതും ഇതുതന്നെയാണ്. യൂറോപ്യര്‍ക്ക് നല്കുന്നതുപോലെ ഇന്ത്യയ്ക്കും നല്കുക. മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ വിലക്കുള്ള ഖത്തര്‍ ഇന്ത്യയ്ക്ക് എണ്ണ കുറഞ്ഞവിലയില്‍ നല്കാമെന്ന് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
2019 ജനുവരി മുതല്‍ ഇന്ത്യയ്ക്ക് കുറഞ്ഞ വില ബാധകമാക്കാമെന്ന ധാരണ ഖത്തറുമായുള്ള ചര്‍ച്ചയിലൂടെ ഉണ്ടായി. ഇതിലൂടെ പ്രതിവര്‍ഷം 10,000 കോടി രൂപയുടെ ലാഭമുണ്ടാവുമെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പന്ത്രണ്ട് കോടി വീടുകളില്‍ പാചക വാതകം നല്‍കാന്‍ മോദി സര്‍ക്കാരിനായെന്നും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. കൊച്ചിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.