ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമാക്കാന്‍ രണ്ടും കല്പിച്ച് എത്തിയ മനിതി സംഘത്തിന്റെ നീക്കങ്ങളില്‍ ദുരൂഹതയെന്ന ആരോപണങ്ങള്‍ ശക്തമാകുന്നു. സംഘത്തിന്റെ കോ-ഓര്‍ഡിനേറ്ററായ അഡ്വ. സെല്‍വിയുടെ പലനീക്കങ്ങളും ദുരൂഹമാണെന്ന് തമിഴ്നാട്ടില്‍ തന്നെ ആരോപണമുണ്ട്. ചില തീവ്രവാദ സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ചില തമിഴ് പത്രങ്ങള്‍ വാര്‍ത്ത നല്കിയതും അടുത്തിടെയാണ്.
ആസ്ഥാനം തമിഴ്നാട്ടിലാണെങ്കിലും മനിതി സംഘത്തിന്റെ പിറവിക്കു കാരണം കേരളമാണ്. രാജ്യത്തെ നടുക്കിയ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തിലാണ് ഇവര്‍ ആദ്യമായി ഒന്നിച്ചുകൂടിയത്. ഈ കൊലപാതകത്തില്‍ പ്രതിഷേധിക്കാനായി ചെന്നൈയിലെ മറീന ബീച്ചിലും സ്ത്രീകള്‍ ഒത്തുകൂടി. നിയമവിദ്യാര്‍ഥിനിയുടെ അരുകൊലയില്‍ പ്രതിഷേധിച്ച സ്ത്രീ കൂട്ടായ്മ പതിയെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ചുവടുറപ്പിക്കാന്‍ തീരുമാനിച്ചു.
ആ കൂട്ടായ്മ മനിതിയെന്ന സ്ത്രീ അവകാശ പോരാട്ട സംഘമായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളും യുവതികളും ഇന്ന് മനിതി സംഘടനയുടെ ഭാഗമാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും സാന്നിധ്യമാകാനുള്ള ശ്രമവും സംഘടനയ്ക്കുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി പോരാടുക എന്നതാണ് മനിതിയുടെ ലക്ഷ്യം. എന്നാല്‍ സംഘടനയിലെ ചിലര്‍ക്ക്, പ്രത്യേകിച്ച് സെല്‍വിക്ക് ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. തമിഴ്നാട് രഹസ്യന്വേഷണ വിഭാഗം തന്നെ ഇക്കാര്യത്തില്‍ ചില റിപ്പോര്‍ട്ടുകളും നല്‍കിയിരുന്നു.
ദുരഭിമാനക്കൊലകളടക്കമുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന മനിതി കൂട്ടായ് ലൈംഗികാക്രമണം നേരിട്ടവര്‍, ആസിഡ് ആക്രമണം നേരിട്ടവര്‍, ലൈംഗികത്തൊഴിലാളികള്‍ തുടങ്ങിയവരുടെ പ്രശ്നങ്ങളിലെല്ലാം സംഘടന സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളുന്നു. ചെന്നൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും സ്വന്തമായി ഒരു ഒഫീസ് കെട്ടിടം പോലും ഇവര്‍ക്കില്ല.
സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രധാനമായും പ്രവര്‍ത്തനം. വിശ്വാസമുള്ളവരും വിശ്വാസമില്ലാത്തവരും മനിതി കൂട്ടായ്മയുടെ ഭാഗമാണ്. നേരത്തെ ജെല്ലിക്കെട്ട് വിഷയത്തിലും ഇവര്‍ ചെന്നൈ മറീന ബീച്ചില്‍ ഒത്തുചേര്‍ന്നിരുന്നു. രാജ്യത്തെ പല സ്ഥലങ്ങളിലും സാന്നിധ്യമാകാനുളള ശ്രമവും സംഘടനയ്ക്കുണ്ട്. അഡ്വ. സെല്‍വിയാണ് നിലവില്‍ മനിതി സംഘത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍.