തൃശൂർ: പത്തുരൂപ നാണയങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്. പെട്രോൾ പന്പുകളിലും മറ്റു കച്ചവട സ്ഥാപനങ്ങളിലും മൂന്നിൽ കൂടുതൽ പത്തുരൂപ നാണയം വാങ്ങരുതെന്ന് അധികൃതർ നിർദേശം നല്കിയിട്ടുള്ളതായി തൊഴിലാളികൾ പറയുന്നു.
നാണയങ്ങൾ കൊണ്ടു നടക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള അസൗകര്യമാണ് പത്തു രൂപ നാണയത്തിന്റെ അപ്രഖ്യാപിത വിലക്കിനു കാരണം. ബാങ്കുകളും പത്തു രൂപ നാണയങ്ങൾ സ്വീകരിക്കാൻ മടിക്കുകയാണ്. കനമുള്ള വലിയ നാണയങ്ങളായതിനാൽ പോക്കറ്റിലും പേഴ്സിലും കൊണ്ടുനടക്കാനും ബുദ്ധിമുട്ടാണ്.
ഒരേ മൂല്യമുള്ള പത്തു രൂപ നോട്ടും നാണയവും രണ്ടു തരത്തിലാണ് ജനങ്ങൾ കൈകാര്യം ചെയ്യുന്നത്. ശബരിമല സീസണായതിനാൽ അന്യസംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ നാണയങ്ങൾ എത്തുന്നുണ്ട്. ആരാധനാലയങ്ങളിൽ വിലക്കില്ലാത്തതിനാൽ പത്തുരൂപ നാണയങ്ങൾ ആ നിലയിലും വൻതോതിൽ എത്തുന്നുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭണ്ഡാരങ്ങളിൽ നേർച്ചയായി കൂടുതലും പത്തുരൂപ നാണയങ്ങളാണു ലഭിക്കുന്നതെന്നു ക്ഷേത്രം അധികൃതർ പറയുന്നു. ബാഗിന്റെ ഭാരം വർധിക്കാതിരിക്കാൻ ബസ് കണ്ടക്ടർമാർക്കു പത്തുരൂപ നാണയത്തെക്കാൾ നോട്ടിനോടാണു പ്രിയം.
എണ്ണിത്തിട്ടപ്പെടുത്താൻ കൂടുതൽ സമയം എടുക്കുന്നതിനാലാണു വ്യാപാരികൾ പത്തു രൂപ നാണയത്തോടു വിമുഖത കാണിക്കുന്നത്. ഇതേ കാരണത്താൽ ബാങ്കുകളിലും പത്തു രൂപ നാണയങ്ങൾക്കു സ്വീകാര്യത കുറവാണ്.
ചില ബാങ്കുകളിൽ നാണയങ്ങൾ എണ്ണാനായി ചാർജും ഇൗടാക്കുന്നുണ്ട്. അതേസമയം, വ്യാപാര സ്ഥാപനങ്ങളിലെല്ലാം പത്തുരൂപ ഒഴികെയുള്ള മറ്റു നാണയങ്ങൾക്കെല്ലാം ക്ഷാമം നേരിടുന്നുണ്ട്.2005ൽ പത്തുരൂപ നാണയം റിസർവ് ബാങ്ക് പുറത്തിറക്കിയെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളിലാണു പ്രചാരം ലഭിച്ചത്.