സൗഹൃദം പങ്കിടാന്‍ സുന്ദരനായ അമേരിക്കന്‍ ബുള്ളി

ഒന്നരയടി ഉയരവും മസില്‍ വിരിച്ചുള്ള നില്‍പ്പുമായി നായപ്രേമികളുടെ മനസു കവരുകയാണ് അമേരിക്കന്‍ ബുള്ളി എന്ന നായ ഇനം. സാധാരണക്കാരായ മലയാളികള്‍ക്ക് അപരിചിതനെങ്കിലും ഇന്നു കേരളത്തിലെ പല ബ്രീഡര്‍മാരും അമേരിക്കന്‍ ബുള്ളിയെ തെരയുകയാണ്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ ടൗണില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെയുള്ള ചായലോട് എന്ന ഗ്രാമത്തിലേക്കു ചെന്നെത്തുമ്പോള്‍ അവിടെ യുവ കര്‍ഷകന്‍ ലൈജു സാം മാത്യുവിന്റെ വീട്ടില്‍ അതിഥികളെ വരവേല്‍ക്കുന്നത് അമേരിക്കന്‍ ബുള്ളികളുടെ നായ്ചൂരാണ്.

ചെറുപ്പം മുതല്‍ തന്നെ നായ, മത്സ്യം, ലൗവ് ബേര്‍ഡ്‌സ് തുടങ്ങിയവയുടെ പരിപാലനവും വളര്‍ത്തലും ഹരമായിരുന്നു ലൈജുവിന്. വിദേശത്ത് ഐടി പ്രഫഷണലായി ജോലി ചെയ്യുന്നതിനിടയിലാണ് അമേരിക്കന്‍ ബുള്ളി എന്ന നായ ഇനത്തെക്കുറിച്ചറിയുന്നത്. ഫേസ്ബുക്ക്, യുട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് അമേരിക്കന്‍ ബുള്ളിയെക്കുറിച്ച് അറിയുന്നത്.

കേരളത്തില്‍ അന്വേഷിച്ചപ്പോള്‍ ഈ നായ്ക്കളെക്കുറിച്ച് ആര്‍ക്കും ധാരണയുണ്ടായിരുന്നില്ല. അങ്ങനെയാണ് പഞ്ചാബിലുള്ള ഡോഗ് ബ്രീഡര്‍മാരിലേക്ക് അന്വേഷണം എത്തുന്നത്. അവധിക്കു നാട്ടിലെത്തിയപ്പോള്‍ പഞ്ചാബില്‍ നിന്നും ഇവിടേക്കു കൊണ്ടുവരുകയായിരുന്നു. ജനിച്ചു കുറച്ചു ദിവസം മാത്രം പ്രായമുള്ളപ്പോള്‍ ട്രെയിന്‍മാര്‍ഗം ഒരു ജോഡി അമേരിക്കന്‍ ബുള്ളിയെ കൊണ്ടുവന്നു. രോമക്കുപ്പായം പൊടിപോലുമില്ലാത്ത അമേരിക്കന്‍ ബുള്ളി നമ്മുടെ കാലാവസ്ഥയുമായി വേഗത്തില്‍ ഇണങ്ങിച്ചേര്‍ന്നു’- ലൈജു വിവരിക്കുന്നു.

ഭക്ഷണം

ഡോഗ് ഫുഡും ചപ്പാത്തിയുമാണ് പ്രഭാതത്തില്‍ കൊടുക്കുന്നത്. തൈരാണ് ഉച്ചനേരങ്ങളില്‍ പ്രധാന ആഹരം. തണുപ്പു കാലാവസ്ഥയില്‍ ജീവിക്കുന്ന ഈ ഇനം നായ്ക്കള്‍ക്ക് ഉച്ചസമയങ്ങളില്‍ തൈര് കൊടുത്താല്‍ ശരീര ഊഷ്മാവ് ഉയരാതെ പരിപാലിക്കാന്‍ സാധിക്കും. എന്നാല്‍ തൈര് കൊടുക്കണമെന്നു നിര്‍ബന്ധമില്ലെന്നും നമ്മുടെ നാട്ടിലെ കാലാവസ്ഥയില്‍ ശരീരം തണുപ്പിക്കാന്‍ വേണ്ടി മാത്രമാണിതെന്നും ലൈജു പറയുന്നു. മറ്റൊന്ന് ശുദ്ധമായ വെള്ളമാണ്. ഇത് എപ്പോഴും കൂട്ടില്‍ സജ്ജമായിരിക്കും.

രാത്രിയില്‍ ചിക്കനും ചോറുമാണ് കൊടുക്കുന്നത്. ചിക്കന്‍ മഞ്ഞപ്പൊടി ചേര്‍ത്തു വേവിച്ച് ചോറിനൊപ്പം കൊടുക്കുന്നു. ചിക്കനു പകരം ബീഫും ഇടദിവസങ്ങളിലുള്‍പ്പെടുത്തും. മാംസ ഭക്ഷണം ഏതു തന്നെയായായും മഞ്ഞപ്പൊടി മാത്രം ചേര്‍ത്തു വേവിച്ചു നല്‍കണമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിനൊപ്പം മത്സ്യവും മുട്ടയുമാണ് ഇവരുടെ മെനുവിലെ പ്രധാന വിഭവങ്ങള്‍. കാല്‍സ്യവും വൈറ്റമിനടങ്ങിയ ടാബ്‌ലറ്റുകളും ആവശ്യാനുസരണമുള്ള മരുന്നുകളും ഭക്ഷണത്തിനൊപ്പം ചേര്‍ത്താണ് കൊ ടുക്കാറുള്ളത്. എല്ലാ മാസവും വിരയിളക്കുന്നു.

വ്യായാമം

ശരീരംഭാരം വേഗത്തില്‍ കൂടുന്ന ഇനമാണ് അമേരിക്കന്‍ ബുള്ളി. അതുകൊണ്ടു തന്നെ ദിവസവും വ്യായാമം ചെയ്യിപ്പിക്കണം. അതിനായി മറ്റു സജ്ജീകരണങ്ങള്‍ക്കൊപ്പം ട്രെഡ്മില്ലും ഇവിടെ സജ്ജമാണ്. മറ്റുള്ള ബ്രീഡര്‍ മാര്‍ക്ക് ആവശ്യാനുസരണം ട്രെഡ്മില്ല് നിര്‍മിച്ചു നല്‍കുന്നുമുണ്ട് ഈ യുവ കര്‍ഷകന്‍.

ബോള്‍ എറിഞ്ഞു കൊടുത്ത് നല്ലതുപോലെ ഓടിക്കുന്നതാണ് പ്രധാന വ്യായാമ മുറ. പ്രഭാത സമയങ്ങളില്‍ കൂട്ടില്‍ നിന്നിറക്കി യാല്‍ ഓട്ടം, ചാട്ടം എന്നീ വ്യായാമങ്ങള്‍ ഇവ തനിയെ നടത്തിക്കൊള്ളും. ഇതിനൊപ്പമാണ് ട്രെഡ്മില്ലില്‍ 10 മുതല്‍ 15 മിനറ്റു വരെ ഓരോ നായയേയും വ്യായാമം ചെയ്യിപ്പിക്കുന്നത്.

കുളത്തില്‍ നീന്തിക്കുളിക്കുന്നതും ഹാര്‍നഷ് ശരീരത്തു ഘടിപ്പിച്ച് വിവിധ ഭാരത്തിലുള്ള ടയര്‍ ഉപയോഗിച്ച് വെയ്റ്റ് പുള്‍ ചെയ്യിപ്പിക്കുന്നതുമാണ് മറ്റുള്ള വ്യായാമങ്ങള്‍. ഇതിലൂടെ ശരീരത്തിന്റെ ഓരോ ഭാഗ ത്തും മസില്‍ വികസിക്കുന്നു. അ മേരിക്കന്‍ ബുള്ളിയുടെ സൗന്ദര്യം അതിന്റെ മസില്‍ പെരുപ്പിച്ചു നില്‍ക്കുന്ന ശരീരത്തിലാണ്. മറ്റുള്ളവയില്‍ നിന്നും ഇതിനെ വ്യത്യസ്തനാക്കുന്നതും കാഴ്ചയിലുള്ള സൗന്ദര്യമാണ്. മനുഷ്യരുമായി വേഗത്തില്‍ ഇണങ്ങുമെന്നതാണ് ഈ ഇനത്തിന്റെ മറ്റൊരു പ്ര ത്യേകത.

നാല് ഇനങ്ങള്‍

അമേരിക്കന്‍ ബുള്ളി ഇനത്തില്‍ തന്നെ നാലു വകഭേദങ്ങളുണ്ട്. ക്ലാസിക്, എക്‌സ്എല്‍, പോക്കറ്റ്, മൈക്രോ. ശരീര വലുപ്പവും ഉയരവും അനുസരിച്ചാണ് ഇവയെ തരംതിരിക്കുന്നത്. ലൈജുവിന്റെ കൈവശമുള്ള നായ്ക്കള്‍ പോക്കറ്റ് ബുള്ളി വിഭാഗത്തില്‍പ്പെട്ടതാണ്. ബ്രീഡിന്റെ ക്വാളിറ്റി അനുസരിച്ച് ഇവയുടെ ഇനത്തിലും വിലയിലും മാറ്റമുണ്ടാകും. ഉയരമാണ് ക്വാളിറ്റി നിര്‍ണയിക്കുന്ന മറ്റൊരു പ്രധാന ഘടകം. പോക്കറ്റ് ബുള്ളിയും മൈക്രോ ബുള്ളിയുമാണ് ഇ പ്പോള്‍ ഡിമാന്‍ഡില്‍ മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ അ ങ്ങിങ്ങായി ചില ബ്രീഡര്‍ മാരില്‍ ഇപ്പോള്‍ അമേരിക്കന്‍ ബുള്ളിയുടെ നല്ല ഇനങ്ങളുണ്ട്.

പഞ്ചാബില്‍ അമേരിക്കന്‍ ബുള്ളി നായക്കുഞ്ഞുങ്ങള്‍ക്ക് 50,000 മുതല്‍ മൂന്നുലക്ഷം വരെയാണ് വില. ലൈജുവിനൊപ്പമുള്ള പോക്കറ്റ് ബുള്ളിയുടെ കുഞ്ഞുങ്ങള്‍ക്ക് ഒരു ലക്ഷം വരെയാണ് പഞ്ചാബിലെ റേറ്റ്. ഇന്ത്യയില്‍ പഞ്ചാബിലാണ് അമേരിക്കന്‍ ബുള്ളി യെ കൂടുതലും ലഭിക്കുന്നത്. പഞ്ചാബിലെ വിശ്വസ്തരായ ബ്രീഡര്‍മാരില്‍ നിന്നും ഗുണമേന്മയുള്ള ഇനം നോക്കിയാണ് കേരളത്തിലേക്കു കൊണ്ടുവരുന്നത്. കൈവശം ലഭ്യമല്ലെങ്കില്‍ കേരളത്തിലെ ബ്രീഡര്‍മാര്‍ക്കായി പഞ്ചാബില്‍ നിന്നും നായ്ക്കളെ എത്തിച്ചുകൊടുക്കാറുണ്ടെന്നും ലൈജു വെളിപ്പെടുത്തുന്നു.

വീട്ടിലെ കളിത്തോഴര്‍

ഒന്നര വയസു വീതമുള്ള ഒരു ജോഡിയും നാലുമാസം പ്രായമുള്ള ഒരു ആണ്‍ നായയുമാണ് ഇപ്പോള്‍ ലൈജുവിന്റെ വീട്ടിലുള്ളത്. ലൈജുവിനൊപ്പം ഭാര്യ ഐറിനും പിതാവ് ശാമുവേല്‍ മാത്യുവും മാതാവ് സാലിയും ഇവയുടെ പരിപാലത്തില്‍ ഒപ്പം ചേരുന്നുണ്ട്.

രണ്ടര വയസുകാരി ക്രിസ്റ്റ യുടെ കൂട്ടുകാരായി മൂന്ന് അമേരിക്കന്‍ ബുള്ളിയും ഒത്തു ചേരുന്നത് ലൈജുവിന്റെ വീട്ടിലെ സാധാരണ കാഴ്ചയാണ്. ദിവസവും കുളിപ്പിക്കുന്നതിലും വ്യായാമം ചെയ്യുപ്പിക്കുന്നതിലു മെല്ലാം അവരെല്ലാം ഒത്തു ചേരുന്നുണ്ട്.

നായ പരിപാലനത്തിനൊ പ്പം വീടിനോടു ചേര്‍ന്നു പച്ചക്കറി യുടെ ഒരു ഫാം കൂടി ലക്ഷ്യം വയ്ക്കുന്ന ലൈജുവിനു മാര്‍ഗനിര്‍ദ്ദേശങ്ങളും വഴികാട്ടിയുമാകുന്നത് മുതിര്‍ന്ന കര്‍ഷകനും പിതാവുമായ ശാമുവേല്‍ മാത്യുവാണ്.
മൂന്നു നായകള്‍ക്കുമായി പ്രതിവര്‍ഷം 30,000-40,000 രൂപവരെ ചെലവ് വരുന്നു. ഒറ്റ ലിറ്ററില്‍ (പ്രസവ കാലാവധി) ശരാശരി 4-8 കുഞ്ഞുങ്ങളാണ് അമേരിക്കന്‍ ബുള്ളിക്കു പിറക്കുന്നത്.

കേരളത്തില്‍ അറിഞ്ഞു വരുന്നൊരു ബ്രീഡായതുകൊണ്ടു തന്നെ ക്വാളിറ്റി അനുസരിച്ച് 25,000 മുതല്‍ 50,000 രൂപവരെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ബ്രീഡര്‍മാരില്‍ നിന്നും കൂടുതലും അന്വേഷണം വരുന്നതും ഓര്‍ഡറായതും പെണ്‍നായ്ക്കള്‍ക്കാണെന്ന് ഇദ്ദേഹം പറയുന്നു.

കുട്ടികളുമായി വേഗത്തില്‍ കളിത്തോഴരാകുന്ന അമേരിക്കന്‍ ബുള്ളി സൗകര്യാര്‍ത്ഥം വീടിനകത്തും പുറത്തുമായി വളര്‍ത്താവുന്ന ഇനമാണ്. അനുസരണ ശീലവും അസാമാന്യ ബുദ്ധി ശക്തിയുമുള്ള അമേരിക്കന്‍ ബുള്ളി ഭാവിയില്‍ കൂടുതല്‍ പേരില്‍ താത്പര്യം സൃഷ്ടിക്കുമെന്നും ലൈജു പറയുന്നു.

അമേരിക്കയിലാണ് അമേരിക്കന്‍ ബുള്ളിയുടെ ജനനം. എട്ടു മുതല്‍ 12 വര്‍ഷം വരെ ആയുസുള്ള ഇവ അമേരിക്കയില്‍ ഡോഗ് ഫൈറ്റിംഗ് മത്സരത്തില്‍ നമ്പര്‍ വണ്ണായ പിഗ്ബുള്‍, ബുള്‍ മാസ്റ്റിഫ് എന്നിവയുടെ സങ്കര ഇനമാണ്. അവയില്‍ നിന്നും ശൗര്യം കുറച്ച് അക്രമവാസനില്ലാത്ത വിധം മനുഷ്യരുമായി വേഗത്തില്‍ സൗഹൃദമാകും വിധമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. യജമാന ഭക്തിയില്‍ മുമ്പനായ ബുള്ളി നല്ല കാവല്‍ക്കാരനാണ്. 1990-ല്‍ ജന്മമെടുത്ത ഈ കുള്ളന്മാര്‍ക്ക് അമേരിക്കന്‍ കെന്നല്‍ ക്ലബിന്റെ അംഗീകാരവുമുണ്ട്.

മറ്റു കൃഷികള്‍

അമേരിക്കന്‍ ബുള്ളിയെ വളര്‍ത്തുന്നതിനൊപ്പം ലൈജു ശ്രദ്ധ കൊടുത്ത മറ്റൊരു കൃഷി പാഷന്‍ ഫ്രൂട്ടാണ്. വീട്ടാവശ്യത്തിനും ബന്ധുക്കള്‍,സുഹൃത്തുക്കള്‍, പരിചയക്കാര്‍ എന്നിവര്‍ക്കായി പാഷന്‍ ഫ്രൂട്ട് സംസ്‌കരിച്ചു സൂക്ഷിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.

ഒപ്പം തന്നെ സീസണ്‍ സമയങ്ങളില്‍ അടുത്ത ടൗണായ അടൂരില്‍ വിവിധ സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്പനയ്ക്കും കൊടുക്കുന്നു. വ്യാവസായിക അടിസ്ഥാനത്തി ല്‍ എന്നതിനപ്പുറം ഔഷധ ഗുണമുള്ള കൃഷി എന്ന നിലയിലാണ് പാഷന്‍ ഫ്രൂട്ടിലേക്കെത്തുന്നത്.

പ്രത്യേകമായി പ്രമേഹ രോഗികളാണ് ഇവിടെ നിന്നും ഈ ഫലം കൊണ്ടുപോകുന്നത്. ഇതിനൊപ്പം മത്സ്യകൃഷിയാണ് മ റ്റൊന്ന്. ഗപ്പി മുതല്‍ കരിമീന്‍വരെ ഇവിടെ വളര്‍ത്തുന്നു. കൗതുകം എന്ന നിലയില്‍ വൈറ്റ് ഷാര്‍ ക്കിനേയും 12 വര്‍ഷത്തോളമായി വളര്‍ത്തുന്നു.ലൈജു സാം മാത്യു 9544454478

ലിജിന്‍ കെ. ഈപ്പന്‍

Related posts