അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്. അൽ ഐൻ എഫ്സിയെ 4-1നു കീഴടക്കിയാണു റയൽ മഡ്രിഡ് ജേതാക്കളായത്. റയലിന്റെ തുടര്‍ച്ചയായ മൂന്നാം ക്ലബ് ലോകകപ്പ് കിരീടമാണിത്. ഇതോടെ ഹാട്രിക് കിരീടം നേടുന്ന ആദ്യ ടീമെന്ന റിക്കോര്‍ഡും റയല്‍ മാഡ്രിഡ് സ്വന്തമാക്കി.
പതിനാലാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചാണ് റയലിന്റെ ഗോൾവേട്ട തുടങ്ങിയത്. കരിം ബെൻസിമയുടെ പാസിൽ നിന്നുള്ള ഇടംകാലൻ ഷോട്ട് ഗോൾവലകുലുക്കി. രണ്ടാംപകുതിയിൽ മാർക്കോസ് ലൊറന്റെ (60’), സെർജിയോ റാമോസ് (78’) എന്നിവർ ഒരോഗോളുകൾ നേടി. 91-ാം മിനിറ്റിൽ യാഹിയ നാദെറിന്റെ വകം സെൽഫ് ഗോൾകൂടി വീണതോടെ റയൽ പട്ടിക പൂർത്തിയാക്കി. ഷിയോതാനി(80) അൽഐനിന്റെ ആശ്വാസഗോൾ നേടി.
നാലാം തവണയാണ് റയല്‍ ക്ലബ് ലോകകപ്പ് കിരീടം നേടുന്നത്. ഇതോടെ ക്ലബ് ലോകകപ്പ് കിരീടങ്ങളുടെ എണ്ണത്തിലും റയല്‍ ഒന്നാമതെത്തി. ഈ നേട്ടത്തോടെ ഏറ്റവും കൂടുതല്‍ ക്ലബ് കപ്പ് നേടുന്ന താരമെന്ന റിക്കോര്‍ഡ് ടോണി ക്രൂസ് സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റിക്കോർഡാണ് ക്രൂസ് സ്വന്തം പേരിലാക്കിയത്.