ലക്നോ: ഹനുമാന്റെ ജാതിയെ ചൊല്ലി രാജ്യത്ത് തർക്കം നടക്കുന്പോൾ പുതിയ പ്രസ്താവനയുമായി ഉത്തർപ്രദേശിലെ കായിക മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ചേതൻ ചൗഹാൻ രംഗത്ത്. ഹനുമാൻ കായിക താരമായിരുന്നുവെന്നാണ് ചേതൻ ചൗഹാന്റെ വാദം.
ഹനുമാന്റെ ജാതിയെ സംബന്ധിച്ച് ചർച്ചകൾ വേണ്ട. അദ്ദേഹം മുൻ കായിക താരമായിരുന്നുവെന്ന് ഉത്തർപ്രദേശിലെ അംരോഹയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ചൗഹൻ പറഞ്ഞു.
ഞാൻ വിശ്വസിക്കുന്നത് ശത്രുക്കളുമായി മല്ലയുദ്ധം ചെയ്യുന്ന കായികതാരമാണ് ഹനുമാൻ. ഇന്ത്യയിലെ കായിക താരങ്ങളെല്ലാം ഹനുമാനെ ആരാധിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ജാതി നോക്കിട്ടല്ല. ഞാൻ ഹനുമാനെ ദൈവമായാണ് കണുന്നത്. അദ്ദേഹത്തെ ഏതെങ്കിലും ജാതിയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ചൗഹാന് പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഹനുമാൻ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഹനുമാൻ ദളിതനാണെന്നായിരുന്നു യോഗിയുടെ പ്രസ്താവന. ഇതിനു പിന്നാലെ ഹനുമാൻ മുസ്ലിം ദൈവമാണെന്ന് ഉത്തർപ്രദേശ് നിമയനിർമാണ കൗണ്‍സിൽ അംഗവും (എംഎൽസി) ബിജെപി നേതാവുമായ ബുകാൽ നവാബ് പറഞ്ഞു. എന്നാൽ ഹനുമാൻ ജാട്ട് സമുദായക്കരനാണെന്നായിരുന്നു യുപി മന്ത്രി ചൗധരി ലക്ഷ്മി നാരായണന്റെ പ്രസ്താവന.