ചിത്രത്തെ സംബന്ധിച്ച് അര്‍ഹിക്കാത്ത രീതിയിലുള്ള പ്രചരണങ്ങള്‍ നല്‍കിയതാണ് മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന ചിത്രത്തിന് സംഭവിച്ച പാളിച്ച. സംവിധായകന്റെ ചിത്രത്തെ സംബന്ധിച്ച തള്ളലുകളാണ് ആരാധകരെ ചൊടിപ്പിച്ചതും. ഒടിയന് ശേഷം മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ലൂസിഫര്‍ എന്ന ചിത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
എന്നാല്‍ ഒടിയനെപ്പോലെ ലൂസിഫറിനെ നശിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ചില അഭ്യര്‍ത്ഥനകളുമായി എത്തിയിരിക്കുകാണ് തിരക്കഥാകൃത്തും സംവിധായകനും നടനുമായ മുരളി ഗോപി. മോഹന്‍ലാല്‍ നായകന്‍, പൃഥിരാജ് സംവിധായകന്‍, മുരളി ഗോപി തിരക്കഥാകൃത്ത് എന്നീ നിലയില്‍ ആരാധകരുടെ പ്രതീക്ഷ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അഭ്യര്‍ത്ഥനകളുമായി മുരളി ഗോപി എത്തിയിരിക്കുന്നത്.
ചിത്രത്തെക്കുറിച്ച് നിരവധി വ്യാജ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഒരുപ്രമുഖതാരം ലൂസിഫറില്‍ അതിഥി വേഷം ചെയ്യുന്നുണ്ടെന്നുള്ള വാര്‍ത്തയ്ക്ക് ഏറെ പ്രചാരം ലഭിച്ചിരുന്നു. എന്നാല്‍ അത്തരമൊരു അതിഥിവേഷമില്ലെന്ന് വ്യക്തമാക്കി തിരക്കഥാകൃത്ത് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. മുരളീഗോപിയുടെ കുറിപ്പ് ഇങ്ങനെ:
പ്രിയ സുഹൃത്തുക്കളെ,
”ലൂസിഫര്‍” എന്ന സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തികച്ചും തെറ്റായ ഊഹാപോഹങ്ങള്‍ പടച്ചിറക്കുന്ന ചില ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്തകള്‍ (വീണ്ടും) ശ്രദ്ധയില്‍ പെട്ടു. ഇതില്‍ (ഞങ്ങള്‍ പോലും അറിയാത്ത) ഒരു high profile അതിഥി വേഷം ഉണ്ടെന്നാണ് ഏറ്റവും പുതിയ ”കണ്ടെത്തല്‍”. ഇത് ഒരുപാട് ഷെയര്‍ ചെയ്തു പടര്‍ത്തുന്നതായും കാണുന്നു.
ഇത്തരം ”വാര്‍ത്ത”കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നത്. തെറ്റായ ഹൈപ്പും തെറ്റായ പ്രചാരണരീതിയുമാണ് ഒരു സിനിമയുടെ കാഴ്ച്ചാനുഭവത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്നത്.
ഇത് വളരെ നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രസ്തുത മാധ്യമങ്ങള്‍ ഇത് പടച്ചിറക്കുന്നതും.
സിനിമ റിലീസ് ആകുമ്പോള്‍ അത് കാണുക എന്നല്ലാതെ അതിനു മുന്‍പ് അതിനെക്കുറിച്ചു ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അതുകൊണ്ട്, നിങ്ങള്‍ ഒരു യഥാര്‍ഥ സിനിമാപ്രേമി ആണെങ്കില്‍, ഇത്തരം നിരുത്തരവാദപരമായ ”വാര്‍ത്തകള്‍” ഷെയര്‍ ചെയ്യാതെയുമിരിക്കുക.
സസ്‌നേഹം,
മുരളി ഗോപി