സഭ്യതയും മാന്യതയും വിട്ട് കളിക്കരുത്! സോഷ്യല്‍മീഡിയാ ഇടപെടലുകള്‍ ശ്രദ്ധയോടെയും പരസ്പര ബഹുമാനത്തോടെയുമായിരിക്കണം; കുട്ടികളുടെ വൈറല്‍ വീഡിയോകളുമായി ബന്ധപ്പെട്ട് നിര്‍ദേശവും ഉപദേശവുമായി കേരള പോലീസ്

അടുത്തിടെയായി യാതൊരു മാന്യതയും മര്യാദയുമില്ലാതെയാണ് ആളുകള്‍, പ്രത്യേകിച്ച് യുവജനങ്ങളും കുട്ടികളും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. ചെറുപ്പത്തിന്റെ ആവേശവും പക്വതയില്ലായ്മയും അറിവില്ലായ്മയും കൂടിച്ചേര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങളാണ് അതെങ്കിലും വലിയ ദോഷമായിരിക്കും അത് കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഉണ്ടാക്കുക എന്ന് നിസ്സംശയം പറയാം.

ഈ സാഹചര്യത്തില്‍ ടിക് ടോക് പോലുള്ള വീഡിയോകളുമായി രംഗത്തെത്തുന്നവര്‍ക്ക് ഉപദേശവും മുന്നറിയിപ്പും നല്‍കി രംഗത്തെത്തിയിരിക്കുകയാണ്, കേരളാ പോലീസ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ അടക്കം ഉള്‍പ്പെടുത്തി കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഭ്യതയും മാന്യതയും പുലര്‍ത്തണമെന്നാണ് കേരളാ പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വിധമുള്ള ലൈവ് വീഡിയോകളും ടിക് ടോക്ക് വീഡിയോകളും വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് ഫേസ്ബുക്ക് പേജില്‍ പോലീസിന്റെ ഈ മുന്നറിയിപ്പ്.

കിളിനക്കോട് പ്രശ്നവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളെ അധിക്ഷേപിച്ച് പുറത്തിറങ്ങിയ വീഡിയോകളും, ചതിച്ച കാമുകനെ അസഭ്യം പറഞ്ഞുകൊണ്ടും, ഭീഷണിപ്പെടുത്തിക്കൊണ്ടുമുള്ള വീഡിയോകളുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അതിരുകടക്കുന്ന ഇത്തരം പ്രവണതകള്‍ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്ന് പോലീസ് പറയുന്നു. നമ്മുടെ സോഷ്യല്‍ മീഡിയാ ഇടപെടലുകള്‍ ശ്രദ്ധയോടെയും പരസ്പര ബഹുമാനത്തോടെയുമാകട്ടെ എന്നും പോലീസ് നിര്‍ദേശം നല്‍കുന്നു.

Related posts