വൈപ്പിൻ: ചെറായി ബീച്ചിനെ മദർബീച്ചാക്കി വൈപ്പിൻകരയിലെ മറ്റു ബീച്ചുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള കടലോര ടൂറിസം പദ്ധതിയും മുളവുകാട് – കടമക്കുടി മേഖലയെ ബന്ധപ്പെടുത്തിയുള്ള കായലോര ടൂറിസം പദ്ധതിയും പ്രഖ്യാപനം കഴിഞ്ഞ് രണ്ടര വർഷമാകാറായിട്ടും പ്രാബല്യത്തിലായില്ല. 2016 ഓഗസ്റ്റിലായിരുന്നു ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്.
ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ, ഡിടിപിസി, കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപറേഷൻ, ഇറിഗേഷൻ എന്നീ വകുപ്പുകളുടെ സംയുക്ത സഹകരണത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. രണ്ടര വർഷം മുന്പ് ബന്ധപ്പെട്ട അധികൃതരുടെ യോഗത്തിൽ പദ്ധതി സംബന്ധിച്ച് മാസ്റ്റർ പ്ലാൻ തയാറാക്കി സംസ്ഥാന ടൂറിസം അപ്രൂവൽ കമ്മിറ്റി മുന്പാകെ സമർപ്പിക്കാൻ എസ്. ശർമ്മ എംഎൽഎ ടൂറിസം വകുപ്പിനു നിർദ്ദേശം നൽകിയിരുന്നതാണ്. കായലോര ടൂറിസത്തിനും ബീച്ച് ടൂറിസത്തിനും വെവ്വേറെ പദ്ധതികൾ തയാറാക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
നഗരത്തിൽനിന്ന് എത്തുന്ന ടൂറിസ്റ്റുകൾക്ക് കായലിന്റെയും കടലിന്റെയും ഭംഗി ആസ്വദിച്ച് ചരിത്രസ്മരണയുണർത്തുന്ന മുസിരിസും ഉൾപ്പെട്ട ടൂറിസം കോറിഡോറാക്കി വൈപ്പിനെ ഉയർത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ തനിമ നിലനിർത്തിയും തദ്ദേശവാസികൾക്ക് കൂടുതൽ പ്രാമുഖ്യം നൽകിയും തൊഴിലവസരങ്ങൾക്ക് സൃഷ്ടിക്കുന്ന തരത്തിലുമാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഒപ്പം മാലിന്യ സംസ്കരണത്തിന് പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതി രൂപകൽപന ചെയ്ത് നടപ്പാക്കാനും ഉദ്ദേശിച്ചിരുന്നു.
പദ്ധതിക്ക് ആവശ്യമായ തുക ടൂറിസം വകുപ്പിൽനിന്ന് ലഭ്യമാക്കാനായിരുന്നു തീരുമാനം. ഇതുസംബന്ധിച്ച് എംഎൽഎ വിളിച്ച യോഗത്തിൽ ടൂറിസം ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, ഡിടിപിസി ജനറൽ മാനേജർ, കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപറേഷൻ അസി. എക്സി. എൻജിനീയർ, മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളുടെയും പ്രസിഡന്റുമാർ, മൂന്നു ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ചെറായി ബീച്ച് ടൂറിസം അസോസിയേഷൻ ഭാരവാഹികൾ എന്നിവരും സംബന്ധിച്ചിരുന്നതാണ്. എന്നാൽ ഇതിനുശേഷം നാളിതുവരെ യാതൊരു വിവരവും ഇല്ല.