ആലുവ: ശനിയാഴ്ച രാത്രി ആലുവ നഗരത്തിലും പരിസരത്തുമായി നടന്നത് രണ്ട് കവർച്ചകൾ. ആലുവ അൻസാർ ലെയ്നിൽ മിഷനറി ഫാദേഴ്സിന്റെ ആശ്രമത്തിൽനിന്നു രണ്ട് ലക്ഷത്തിൽപ്പരം രൂപയും പുതിയ വാച്ചും കുട്ടമശേരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഓഫീസും ഭണ്ഡാരവും കുത്തിത്തുറന്ന് 16000 രൂപയും കവർന്നു.
ക്രിസ്മസ് അവധിയായതോടെ വീടുകളും സ്ഥാപനങ്ങളും ആളൊഴിയുന്ന അവസരം മുതലാക്കാനുള്ള തയാറെടുപ്പിലാണ് കവർച്ചാ സംഘങ്ങൾ. പോലീസ് സേനയിലെ അംഗബലം കുറവായതിനാൽ യഥാസമയങ്ങളിൽ റോന്ത് ചുറ്റാൻ കഴിയാത്തത് മോഷ്ടാക്കൾക്ക് അനുഗ്രഹമായി മാറുകയാണ്.
മിഷനറി ഫാദേഴ്സിന്റെ ആശ്രമത്തിലെ സുപ്പീരിയർ ഫാ. ഷിന്റോ ചാലിലിന്റെ മുറിയുടെ വാതിൽ വെട്ടിപ്പൊളിച്ചായിരുന്നു കവർച്ച. ശനിയാഴ്ച വൈകിട്ട് ഗോതുരുത്തിനടുത്തൊരു പള്ളിയിൽ പോയി ഇന്നലെ രാത്രി ഫാ. ഷിന്റോ ആശ്രമത്തിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ബാഗിനകത്താക്കി മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. ഒരു പുതിയ വാച്ചും കാണാതായിട്ടുണ്ട്. ഫാ. ഷിന്റോയോടൊപ്പം ഇവിടെ താമസിച്ചിരുന്ന മൂന്ന് വൈദിക വിദ്യാർഥികൾ ക്രിസ്മസ് അവധിയായതിനാൽ സ്ഥലത്തില്ലായിരുന്നു.
ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് തിരുവാതിരകളി കഴിഞ്ഞ് കുട്ടമശേരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽനിന്നു ഭക്തരും കമ്മറ്റിക്കാരും പിരിഞ്ഞത്. എന്നാൽ നാലിന് ഓഫീസ് തുറക്കാൻ എത്തിയ ജീവനക്കാരനാണ് കവർച്ച നടന്ന വിവരം അറിയുന്നത്.
ക്ഷേത്രത്തിലെ രണ്ട് സിസി ടിവി കാമറകൾ കേടുവരുത്തിയ കവർച്ചാസംഘം ആനപ്പന്തലിലെ ഭണ്ഡാരവും ഓഫീസിന്റെ രണ്ട് വാതിലുകളും തകർത്താണ് മോഷണം നടത്തിയത്. സ്റ്റീൽ അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്നതും ഭണ്ഡാരത്തിലുണ്ടായിരുന്നതുമായ 16000 ത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികൾ പറയുന്നു.
ക്ഷേത്രത്തിനു ചുറ്റുമായി എട്ട് ഭണ്ഡാരങ്ങൾ ഉണ്ടായിരുന്നെങ്കിലും കുത്തിത്തുറന്ന ഭണ്ഡാരത്തിലെ മുഴുവൻ പണവും കവർന്നിട്ടില്ലെന്നാണ് കരുതുന്നത്. കഴിഞ്ഞ മാർച്ചിൽ ഈ ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണമെടുത്തിരുന്നു. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരമാണ് സിസി ടിവി കാമറകൾ സ്ഥാപിച്ചത്. മോഷണം നടന്നിടത്തെല്ലാം പോലീസും ഫോറൻസിക് വിദഗ്ധരുമെത്തി പരിശോധന നടത്തി.
നഗരത്തിൽ ഇന്നലെ മോഷണം നടന്ന ആശ്രമത്തിലേക്കുള്ള ഇതേ റോഡിൽവച്ച് ഒരാഴ്ചമുന്പ് പുൽപ്പാട്ട് ജോയിയെന്ന ആളുടെ മൂന്നരപവൻ മാല ബൈക്കിലെത്തിയവർ പൊട്ടിച്ചെടുത്തിരുന്നു. തൊട്ടടുത്ത ദിവസം തന്നെ കാരോത്തുകുഴി ജംഗ്ഷനിലെ ഹോട്ടലിൽനിന്നും 20000 രൂപയും കവർന്നാണ് കള്ളന്മാർ കടന്നുകളഞ്ഞത്. കുട്ടമശേരി കവലയിലെ മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് ശനിയാഴ്ച തന്നെ 300 രൂപ മോഷ്ടിച്ചിരുന്നു.
കുട്ടമശേരി സർവീസ് സഹകരണ ബാങ്കിന്റെ മുന്നിലുള്ള മെഡിക്കൽ ഷോപ്പിൽ നടന്ന മോഷണം ബാങ്കിന്റെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് കവർച്ചാ സംഘത്തെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. മോഷണങ്ങൾ നടന്ന ആലുവയ്ക്കും കുട്ടമശേരിക്കും ഇടയിൽ തോട്ടുമുഖം മഹിളാലയത്തിനു സമീപത്തേുള്ള ഒരു വീട്ടിൽനിന്നും 112 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്ന കേസിൽ ഒരു വർഷമായിട്ടും തുന്പുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
അതിനിടയിലാണ് ആലുവയിൽ മോഷണ പരന്പര തുടരുന്നത്. പ്രദേശികമായി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി ആലുവ ഈസ്റ്റ് പോലീസ് എസ്ഐ എം.എസ്. ഫൈസൽ രാഷ്ട്രദീപികയോടു പറഞ്ഞു.