ഒരു വർഷംകൂടി അവസാനിക്കുകയാണ്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളും സംഘടനകളുമൊക്കെ കഴിഞ്ഞുപോയ വർഷത്തെ വാർത്താ താരത്തെയും ലോകത്തെ സ്വാധീനിച്ച വ്യക്തികളെയുമൊക്കെ പ്രഖ്യാപിക്കുന്ന തിരക്കിലാണ്. അപ്പോഴാണ് മൃഗസംരക്ഷണ സംഘടനയായ പിഇറ്റിഎ കഴിഞ്ഞ വർഷം സമൂഹമാധ്യമങ്ങളെ ഏറ്റവും സ്വാധീച്ച മൃഗത്തെ കണ്ടെത്തിയിരിക്കുന്നത്. എസ്തർ എന്ന പന്നിയാണ് ഈ ബഹുമതിക്ക് അർഹയായിരിക്കുന്നത്.
2016ൽ ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്തർ ദ വണ്ടർ പിഗ് എന്ന പുസ്തകത്തിലെ കേന്ദ്ര കഥാപാത്രമാണ് ഈ പന്നി. തന്റെ ശരീരത്തിൽ പടർന്നുപിടിച്ച കാൻസറിനെ അതിജീവിച്ച് സധൈര്യം മുന്നോട്ടുപോകുന്ന എസ്തറിന്റെ കഥ വിവിധ സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് തവണയാണ് ഷെയർ ചെയ്യപ്പെട്ടത്. സ്റ്റീവ് ജെൻകിൻസ്, ഡെറക് വാൾട്ടർ എന്നിവർ ചേർന്നാണ് എസ്തറിനെ വളർത്തുന്നത്. കഴിഞ്ഞ ആറു വർഷമായി ഇവർക്കൊപ്പമാണ് എസ്തറിന്റെ താമസം. കാനഡയിലെ ഒന്റാറിയോയിലാണ് ഇവരുടെ വീട്.
സ്വന്തം പേരിലുള്ള പുസ്തകം പുറത്തിറങ്ങിയതിനുശേഷമാണ് എസ്തർ സ്റ്റാറായത്. ഇൻസ്റ്റഗ്രാമിൽ എസ്തറിന് 4 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. എസ്തറിന്റെ ഫേസ്ബുക്ക് പേജിന് ഇതുവരെ 10 ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചു കഴിഞ്ഞു. ജെൻകിൻസും വാൾട്ടറുമാണ് എസ്തറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത്. ഇവയിലൂടെ വെജിറ്റേറിയനിസം പ്രോത്സാഹിപ്പിക്കാനുള്ള നിരവധി പദ്ധതികൾ ഇവർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു.