പാലക്കാട്: വീട്ടുപണിക്കു നിന്ന വീടുകളിൽ നിന്നും സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. പാലക്കാട് അംബികാപുരം തോണിപ്പാളയം സ്വദേശിനി ജയലക്ഷ്മി ( 30) യെയാണ് പാലക്കാട് നോർത്ത് പോലീസ് അറസ്റ്റു ചെയ്തത്. പുത്തൂർ പ്രിയദർശിനി നഗറിൽ മുരളീധരന്റെ വീട്ടിൽ നിന്നും പത്തു പവനോളം സ്വർണ്ണാഭരണങ്ങൾ മോഷണം പോയ പരാതിയിൽ നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്.
വീട്ടിലെ ജോലിക്കാരിയായ ജയലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൂടാതെ കഴിഞ്ഞ ഒക്ടോബറിൽ വലിയപാടം കാരക്കാട്ട് പറന്പിൽ ശ്രീദേവിയുടെ വീട്ടിൽ നിന്നും മൂന്നുപവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതായും സമ്മതിച്ചു. മോഷണ മുതലുകളെല്ലാം പാലക്കാട് ടൗണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും മറ്റൊരു ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു.
കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലക്കാട് ടൗണ്‍ നോർത്ത് സബ് ഇൻസ്പെക്ടർമാരായ ആർ.. രഞ്ജിത്ത് ,ആർ. രാജേഷ് , സ്പെഷ്യൽ ടീമംഗങ്ങളായ പി.എച്ച്. നൗഷാദ്, ആർ. കിഷോർ, സി.ആർ. അരവിന്ദാക്ഷൻ , ആർ. രാജീദ് , എസ്. സജീന്ദ്രൻ , വൈ. അബ്ദുൾ മജീദ്, സി. സജീന, സി. സുധ, കെ. രാധ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.