കേരളത്തിലെ ഹോട്ടല്‍ ജീവനക്കാരില്‍ നിന്ന് മോശം അനുഭവം നേരിട്ടു! കേരളാ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല; പരാതിയുമായി കന്നഡ നടി അക്ഷിത ശ്രീധര്‍

പൊതുവെ മലയാളികളെക്കുറിച്ച് കേള്‍ക്കാറുള്ള നിരവധി ദൂഷണങ്ങളില്‍ ഒന്നാണ് അവര്‍ക്ക് സ്ത്രീകളോട് മാന്യമായി സംസാരിക്കാനും പെരുമാറാനും അറിയില്ല എന്നത്. വിദേശികളും സ്വദേശികളുമടക്കം നിരവധി സ്ത്രീകള്‍ തന്നെ പരാതിയുമായി എത്തിയിട്ടുമുണ്ട്. സമാനമായ രീതിയില്‍ മലയാളിയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി അക്ഷത ശ്രീധര്‍ ശാസ്ത്രി.

കര്‍ണാടക സ്വദേശിനിയായ നടി മലയാള സിനിമയുടെ ഷൂട്ടിംഗിനായി കേരളത്തിലെത്തിയപ്പോള്‍ തനിക്കുണ്ടായ അനുഭവമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മലയാള സിനിമയുടെ ചിത്രീകരണത്തിനിടെ തങ്ങിയ ഹോട്ടലിലെ ജീവനക്കാരില്‍ നിന്നും മോശം പെരുമാറ്റവും അപമാനവും ഉണ്ടായെന്നാണ് അക്ഷത ആരോപിച്ചിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നടി പരാതിയും നല്‍കിയിട്ടുണ്ട്. ചെന്നൈയിലും കൊച്ചിയിലുമായി ചിത്രീകരിക്കുന്ന ‘കൊച്ചിന്‍ ഷാദി അറ്റ് ചെന്നൈ 03’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

ചിത്രീകരണത്തിനിടെ നടി താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരില്‍ നിന്നുമാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഹോട്ടല്‍ മുറി വൃത്തിയാക്കാത്തതില്‍ നടി പ്രതികരിച്ചിരുന്നു. ഇതിനാലാണ് ജീവനക്കാര്‍ മോശമായി പെരുമാറിയതെന്ന് നടി പരാതിയില്‍ പറയുന്നു. മുറി വൃത്തിയാക്കാന്‍ നിങ്ങള്‍ രാജകുമാരിയല്ലല്ലോയെന്ന് ഹോട്ടല്‍ റിസപ്ഷനില്‍ ഇരുന്നയാള്‍ തന്നോട് ചോദിച്ചെന്നും ഇതുവരെ താമസിച്ചതിന്റെ പണം നല്‍കിയില്ലെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നെന്നും നടി പറഞ്ഞു.

സംഭവത്തെക്കുറിച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകരോട് സംസാരിച്ചെങ്കിലും അവരും തന്റെ ഭാഗത്തുനിന്നില്ലെന്ന് നടി ആരോപിക്കുന്നു. കേരളാ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ബംഗളൂരുവില്‍ പരാതി നല്‍കിയതെന്നും നടി പറയുന്നു. കന്നഡ സിനിമകളില്‍ സജീവ സാന്നിധ്യമാണ് അക്ഷത.

Related posts