ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും ഡൽഹിയിൽ വായുമലിനീകരണത്തിന്റെ തോത് ഗുരുതരമായി തുടരുന്നു. ദീപാവലിക്കു ശേഷം ഉണ്ടായ ഏറ്റവും മോശം അവസ്ഥയിലാണു ഡൽഹിയുടെ അന്തരീക്ഷം ഇപ്പോൾ. ഈ സാഹചര്യം തുടരുകയാണെങ്കിൽ സ്വകാര്യ വാഹനങ്ങളുടെ നിയന്ത്രണം ഉൾപ്പെടെ നടപ്പാക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.
സമീപ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ അടിയന്തര യോഗം വിളിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രികളിലേക്കു ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുമായി എത്തുന്ന രോഗികളുടെ എണ്ണം വർധിക്കുകയാണെന്നാണ് സർക്കാർ കണക്കുകൾ.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കു പ്രകാരം ഡൽഹിയിലെ വായു നിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്എക്യുഐ) ഏറ്റവും മോശം അവസ്ഥയിലാണ്.തലസ്ഥാനത്തെ ഒൻപതിടങ്ങളിൽ വായുവിന്റെ നിലവാരം അതിദയനീയമാണ്.
എൻസിആർ, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിൽ അതിശക്തമായ വായുമലിനീകരണം രേഖപ്പെടുത്തിയപ്പോൾ ഗുരുഗ്രാമിൽ ശ്വസിക്കാൻപോലും ഉപയോഗിക്കരുതാത്ത വിധം വായുനിലവാരം കുറവാണ്.
മലിനീകരണം തുടരുകയാണെങ്കിൽ സർക്കാർ നേരത്തെ നടപ്പിലാക്കിയ ‘ഒറ്റഇരട്ട’ പദ്ധതി ഉൾപ്പെടെ നടപ്പാക്കുമെന്നു കേജരിവാൾ പറഞ്ഞു.
ഒറ്റഇരട്ട നന്പറുകളുള്ള വാഹനങ്ങൾക്കു പ്രത്യേക ദിവസങ്ങൾ അനുവദിക്കുന്നതാണ് ഈ രീതി. അതേ സമയം ജനജീവിതം കൂടുതൽ ദുഃസഹമാക്കിക്കൊണ്ട് ഡൽഹിയിൽ തണുപ്പ് ഉയരുകയാണ്. മൂന്ന് ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലത്തെ താപനില.
അന്തരീക്ഷത്തിലെ ഫോഗിന്റെ അളവ് കൂടിയത് വ്യോമ ഗതാഗതത്തെയും ബാധിച്ചു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്.