ചെന്നൈ: സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച 23 വയസുകാരിയായ ഗർഭിണിക്ക് എച്ച്ഐവി ബാധിച്ചു. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡിസംബർ മൂന്നിനാണ് ആശുപത്രിയിൽവച്ച് എച്ച്ഐവി ബാധിച്ച യുവാവിന്റെ രക്തം യുവതി സ്വീകരിച്ചത്.
സംഭവത്തെ തുടർന്ന് ലാബ് ടെക്നീഷ്യൻമാരെ സസ്പെൻഡ് ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് രക്തദാനത്തിനായി സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവിൽ രോഗാവസ്ഥ കണ്ടെത്തിയിരുന്നു. എന്നാല്‍ ലാബ് ജീവനക്കാര്‍ ഇയാളെ വിവരം അറിയിച്ചിരുന്നില്ല. അതിനാൽ യുവാവ് രക്തദാനം തുടരുകയും ചെയ്തു.
കഴിഞ്ഞ മാസം യുവാവ് ബ്ലഡ് ബാങ്കിൽ നൽകിയ രക്തമാണ് യുവതി സ്വീകരിച്ചത്. പ്രസവം കഴിഞ്ഞേ കുഞ്ഞിന് എച്ച്ഐവിയുണ്ടോ എന്നകാര്യം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. യുവതിക്കും ഭർത്താവിനും ജോലിയും നഷ്ടപരിഹാരവും വാഗ്ദാനം ചെയ്ത് സർക്കാരും രംഗത്തെത്തി.