വീട്ടിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുക, കാർ മോഷ്ടിക്കുക എന്നതു സാധാരണ സംഭവമാണ്. എന്നാൽ വീട് മുഴുവനായി മോഷ്ടിക്കുക എന്നതു കേട്ടു കേൾവി പോലും ഇല്ലാത്തതാണ്. എന്നാൽ ഇന്നു മുതൽ വീട് മോഷണം പോകുക എന്നതും അവിശ്വസനീയമല്ലാതായിരിക്കുന്നു.
ദീർഘകാലത്തെ സ്വന്തം അധ്വാനം കൊണ്ട് വളരെ പണിപ്പെട്ടാണ് ബെന്റൻ പാർക്ക് മിഷിഗണ് അവന്യുവിൽ മെഗൻ പാനു തന്റെ സ്വപ്ന സൗധം പണിതുയർത്തിയത്. രണ്ടു വർഷമായിരുന്നു വീടു പടുത്തുയർത്തുവാൻ വേണ്ടി വന്നതെന്നു മെഗൻ പറയുന്നു.
ട്രെയ്ലർ ലോക്ക് ഉപയോഗിച്ചു വളരെ സുരക്ഷിതമായാണ് വീട് സ്ഥാപിച്ചിരുന്നതെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതൽ വീട് കാണാതായി. വീട് സ്ഥാപിച്ചിരുന്ന സ്ഥലത്തു നിന്നും മറ്റൊരു സ്ഥാനത്തേക്ക് മാറ്റാൻ പദ്ധതി തയാറാക്കുന്നതിനിടയിലാണ് വീട് മോഷണം പോകുന്നത്. അതിനുള്ള സ്ഥലവും കണ്ടെത്തിയിരുന്നു.
സൗത്ത് സെന്റ് ലൂയിസിൽ നിന്നും മോഷ്ടിച്ച വീട് ഡിസംബർ 18 ബുധനാഴ്ച ഹൗസ് സ്പ്രിംഗിൽ നിന്നാണു കണ്ടെത്തിയതെന്ന് കൗണ്ടി ഷെറിഫ് ഡേവ് മാർ ഫക്ക് പറഞ്ഞു.
മുൻപ് ഉണ്ടായിരുന്ന സ്ഥാനത്തേക്ക് വീട് സൗജന്യമായി ടൊ ചെയ്തു കൊണ്ടു വരാമെന്നു ഹിൽസ് ബറൊയിലെ ഒരു ടോയിംഗ് കന്പനി സമ്മതിച്ചിട്ടുണ്ട്. ഇതു ഞങ്ങളുടെ മെഗനുള്ള ക്രിസ്മസ് സമ്മാനമാണെന്നാണ് കന്പനി വക്താവ് അറിയിച്ചത്. വീട് ഇൻഷ്വർ ചെയ്യുന്നതിനുള്ള പണം ഒന്നും എന്റെ കൈവശം ഇല്ലായെങ്കിലും ലോക്ക് ചെയ്തിട്ടിരുന്നു എന്നാണ് ഉടമസ്ഥ പറഞ്ഞത്.
പി.പി. ചെറിയാൻ