എരുമേലി: ശരണമന്ത്രങ്ങൾക്കൊപ്പം എരുമേലിയുടെ തെരുവിൽ മതമൈത്രിയുടെ സങ്കീർത്തനമായി കരോൾ ഗാനവും നിറഞ്ഞു. തിരുപ്പിറവിയുടെ സങ്കീർത്തനങ്ങളുമായി എരുമേലി പേട്ടക്കവലയിലെത്തിയ സന്തോക്ലോസ് വേഷധാരികൾ അയ്യപ്പഭക്തരുടെ കരങ്ങൾ പിടിച്ച് അഭിവാദ്യമർപ്പിച്ചു.
ഒപ്പം പരസ്പരം ആലിംഗനം ചെയ്തു. കരോൾ ഗാനത്തിനൊപ്പം പാപ്പാമാരുമായി ഭക്തരും നൃത്തച്ചുവടുകൾ വച്ചു. ക്രിസ്മസ് സന്തോഷമായി പാപ്പാമാർ അവർക്കെല്ലാം മധുരം നൽകി. ശരണം വിളികളുമായി ക്ഷേത്രവും മസ്ജിദും വലംവച്ചതിനൊപ്പം ഭക്തർ അവർക്ക് ക്രിസ്മസ് ആശംസകളും നേർന്നു. മതങ്ങളുടെ മഹത്വം മൈത്രിയും സമാധാനവുമാണെന്ന് മനസിലാക്കിയ എരുമേലിക്ക് അത് മനോഹാരിത പകർന്ന കാഴ്ചയായി.
ശാന്തിദൂതുമായി ക്രിസ്മസ് രാത്രിയിൽ അസംപ്ഷൻ ഫൊറോനാ പള്ളിയിൽനിന്നു എരുമേലി ടൗണിലെത്തിയ സംഘത്തിൽ ക്രിസ്മസ് പാപ്പാ വേഷധാരികൾക്കൊപ്പം ശാന്തിയുടെ സന്ദേശമായി വാഹനത്തിൽ നിശ്ചലദൃശ്യങ്ങളുമുണ്ടായിരുന്നു. പ്രളയം സൃഷ്ടിച്ച ദുരന്തത്തിൽ നിന്നുമുള്ള ഉയിർത്തെഴുന്നേൽപ്പാണ് സന്ദേശമായി ശാന്തി ദൂത് പര്യടനത്തിൽ നിറഞ്ഞത്. എരുമേലിയെ ശബരിമല തീർഥാടന കേന്ദ്രമായി ലോകമെങ്ങും അറിയുന്നത് മതമൈത്രിയുടെ പുണ്യഭൂമി കൂടിയായാണ്.
ഇതിന് തിളക്കമേറ്റുന്ന സഹോദരതുല്യമായ മതസൗഹാർദം നിറഞ്ഞ ക്രിസ്മസ് ആഘോഷത്തിനാണ് ഇത്തവണ ശാന്തിദൂത് പര്യടനം വഴിയൊരുക്കിയത്. ചിരപരിചിതരായ നാട്ടുകാർ ജാതിമതഭേദമെന്യേ ക്രിസ്മസ് ആശംസകൾ നേർന്നതിനൊപ്പം അയ്യപ്പഭക്തർ ക്രിസ്മസ് പാപ്പാമാർക്കൊപ്പം മൊബൈൽ ഫോണുകളിൽ സെൽഫി ചിത്രങ്ങളും പകർത്തി സന്തോഷം പങ്കിട്ടു.
ശാന്തിദൂത് യാത്ര തിരികെ അസംപ്ഷൻ ഫൊറോനാ പള്ളിയിൽ മടങ്ങിയെത്തുമ്പോൾ നിറയുകയായിരുന്നു ശബരിമലയിലും ലോകമെങ്ങും ശാന്തി പുലരട്ടെയെന്ന പ്രാർഥനകൾ.
ആദ്യമായി അസ്വസ്ഥമായ മണ്ഡലകാലത്തിന് സാക്ഷിയായ എരുമേലിയിൽ കലഹങ്ങളില്ലാത്ത തീർഥാടനകാലത്തിനായി തിരുപ്പിറവിയുടെ സങ്കീർത്തനങ്ങൾ സമർപ്പിച്ചായിരുന്നു മതമൈത്രി നിറഞ്ഞ ശാന്തിദൂത് പര്യടനത്തിന്റെ മടക്കം. തുടർന്ന് ഹൈദരാബാദിലെ ഐഎഎഎസ് ട്രസ്റ്റ് ഇടവകാംഗങ്ങൾക്കായി ഒരുക്കിയ വിഭവസമൃദ്ധമായ സ്നേഹവിരുന്ന് മതസൗഹാർദത്തിന്റെ മറ്റൊരു പ്രതീകമായി. ഇടവകയിലെ എവൈഎമ്മിന്റെ നേതൃത്വത്തിലാണ് ശാന്തിദൂത് സംഘടിപ്പിച്ചത്.
ക്രിസ്മസ് ആഘോഷങ്ങൾക്ക് വികാരി റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, അസിസ്റ്റന്റ് വികാരി ഫാ. മാത്യു കുഴിക്കാട്ട്, സിസ്റ്റർ മേഴ്സി എഫ്സിസി, സുബിച്ചൻ തോമസ് കല്ലംമാക്കൽ, ബിനോയി വരിക്കമാക്കൽ, ടോമി പാലക്കുടി, നിതിൻ ബാബു പുതുപ്പറന്പിൽ, ലിബിൻ മാത്യു കൊച്ചാങ്കൽ, കൈക്കാരന്മാർ തുടങ്ങിയവർ നേതൃത്വം നൽകി.